Sorry, you need to enable JavaScript to visit this website.

ഉംറ വിസയിലുള്ളവര്‍ 90 ദിവസമാകാന്‍ കാത്തുനില്‍ക്കരുത്, ഞായറാഴ്ചക്കുമുമ്പ് മടങ്ങണം

റിയാദ്-ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തിയ എല്ലാവരും ജൂണ്‍ 18 (ദുല്‍ഖഅ്ദ 29)ന് മുമ്പായി നാടുകളിലേക്ക് തിരിച്ചുപോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ നാലിനാണ് ഈ സീസണിലെ അവസാന ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചത്. ഇവരടക്കമുള്ള എല്ലാവര്‍ക്കും തിരിച്ചുപോകാനുള്ള സമയം ജൂണ്‍ 18 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഉംറ വിസ 90 ദിവസമാണ്. എന്നാല്‍ ഹജ്ജ് ആരംഭിക്കാനായതിനാല്‍ ഉംറ വിസയിലെത്തിയ എല്ലാവരും 90 ദിവസം ആയവരും അല്ലാത്തവരും 18ന് രാജ്യം വിടണം ഇല്ലെങ്കില്‍ പിഴ ചുമത്തും. ഉംറ വിസയിലുള്ളവര്‍ക്ക് ഹജ്ജിന് അനുമതിയില്ല.
ഉംറ വിസയില്‍ എത്തി 90 ദിവസം പൂര്‍ത്തിയായിട്ടില്ലെന്നും ബാക്കി കാലാവധി കൂടി സൗദിയില്‍ കഴിയാമോയെന്നും പലരും ഹജ്ജ് മന്ത്രാലയം ഹെല്‍പ് ലൈനുകളില്‍ ചോദിക്കുന്നുണ്ട്.
സൗദിയിലുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും എന്ന് മുതലാണ് ഉംറ പെര്‍മിറ്റ് നല്‍കി തുടങ്ങുകയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ ഉംറ വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ മടങ്ങാനുള്ള തിയ്യതി കാണിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ 90 ദിവസം എന്നുതന്നെയാണ് വിസയിലുള്ളത്. ഉംറ വിസയിലെത്തിയ എല്ലാവരും 90 ദിവസത്തിന് കാത്തുനില്‍ക്കാതെ മടങ്ങേണ്ടിവരും.

 

Latest News