Sorry, you need to enable JavaScript to visit this website.

ബി.ജെ.പി-ശിവസേന(ഷിൻഡേ) തർക്കം കുടുംബപ്രശ്‌നം പോലെ, പരിഹരിക്കും-ബി.ജെ.പി

മുംബൈ- ഒരു കുടുംബത്തിൽ പരസ്പരം തർക്കങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സർക്കാറിനെ പ്രകീർത്തിച്ചുള്ള പത്രപരസ്യത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ചിത്രം പ്രസിദ്ധീകരിക്കാത്തത് സംബന്ധിച്ചുള്ള വിവാദം മുറുകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ വിശദീകരണം. സഹോദരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടാകാമെന്നും വിവാദം അവസാനിപ്പിക്കണമെന്നും ബവൻകുലീ പറഞ്ഞു. മഹാരാഷ്ട്രയിലുടനീളമുള്ള പത്രങ്ങളിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നൽകിയ ഒന്നാം പേജ് പരസ്യത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. ദേവേന്ദ്ര ഫഡ്നാവിസിനേക്കാൾ കൂടുതൽ ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തിയതായി പരസ്യം അവകാശപ്പെട്ടു. പരസ്യം രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ, ബി.ജെ.പി-ശിവസേന സർക്കാർ രണ്ട് നേതാക്കളെയും ഉൾപ്പെടുത്തി മറ്റൊരു പരസ്യം പുറത്തിറക്കി. പരസ്യത്തിനെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് അജിത് പവാർ ബി.ജെ.പിയെയും ശിവസേനയെയും വിമർശിച്ചിരുന്നു. ബാലാസാഹെബ് താക്കറെ, ആനന്ദ് ദിഗെ തുടങ്ങിയ ശിവസേനയുടെ നേതാക്കളെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയ ജീവിതത്തിൽ, ഇന്നത്തെ പത്രങ്ങളിൽ കാണുന്ന ഇത്തരം പരസ്യം ഞാൻ കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മുഖ്യമന്ത്രി ഷിൻഡെയുടെയും ചിത്രങ്ങളാണ് പരസ്യത്തിൽ ഉണ്ടായിരുന്നത്. തങ്ങൾ ബാലാസാഹെബ് താക്കറെയുടെ സൈനികരാണെന്ന് ശിവസേന പറയുന്നു, അതേസമയം ബാലാസാഹെബ് താക്കറെയുടെയും ആനന്ദ് ദിഗെയുടെയും ഫോട്ടോകൾ പരസ്യത്തിൽ കാണുന്നില്ലെന്നും പവാർ പറഞ്ഞു.
 

Latest News