Sorry, you need to enable JavaScript to visit this website.

ഒന്നല്ല മൂന്നു വട്ടം വീട് തകർന്നതാണ്, എന്നിട്ടും ചുഴലിക്കാറ്റിനോട് പുഞ്ചിരി തൂകി ഹവയും ഉസ്മാനും

കച്ച്- ചുഴലിക്കാറ്റിൽ ഒരു വീട് തകരുന്നത് കണ്ടാൽ തന്നെ സാധാരണക്കാരുടെ ഹൃദയം പൊടിഞ്ഞുപോകും. എന്നാൽ ചുഴലിക്കാറ്റ് കാരണം മൂന്നു തവണയാണ് ഒരു കുടുംബത്തിന്റെ വീട് തകർന്നത്. എന്നിട്ടും ഈ ദമ്പതികൾ പുഞ്ചിരിക്കുകയാണ്. വീടല്ലേ, ജീവൻ നഷ്ടമായില്ലല്ലോ എന്നാണ് ഇവരുടെ പുഞ്ചിരി. ഗുജറാത്തിലെ ജാഖൗവിൽ നിന്നുള്ള ദമ്പതികളുടെ വീടാണ് മൂന്നുവട്ടം തകർന്നത്. ഗുജറാത്തിനെ ഒന്നടങ്കം ബിപാർജോയ് ഭയപ്പെടുത്തുമ്പോഴും ഹവാ ബായിക്കും ഭർത്താവ് ഉസ്മാനും ആകുലതകളില്ല. ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള സൗഭാഗ്യം ഈ പ്രദേശം തന്നിട്ടുണ്ട് എന്നാണ് ഇരുവരും പറയുന്നത്. 70 വയസ്സുള്ള ഹവാ ബായിയും ഉസ്മാനും നിലവിൽ ജഖൗവിനടുത്തുള്ള ഒരു ഷെൽട്ടർ ഹോമിലാണ്. ഇവർക്കൊപ്പം തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച മറ്റ് ആളുകളുമുണ്ട്. ഞങ്ങളുടെ വീട് ചുഴലിക്കാറ്റിൽ തകർന്ന് വീഴുന്നത് ഞങ്ങൾ കണ്ടിട്ടുണ്ടെന്ന് ഉസ്മാൻ പറഞ്ഞു. ഓരോ തവണയും തങ്ങളുടെ വരുമാനവും മക്കളുടെ സഹായവും കൊണ്ടാണ് തങ്ങൾ വീട് പുനർനിർമ്മിക്കുന്നതെന്ന് കൃഷി ഉപജീവനം നടത്തുന്ന ദമ്പതികൾ പറഞ്ഞു. എന്നിരുന്നാലും, കനത്ത മഴ തങ്ങളുടെ വിളകളെ ബാധിക്കുന്ന ആഘാതത്തെക്കുറിച്ച് അവർ വിലപിച്ചു. ഇന്ന് വീണ്ടും വീട് തകരുമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, കൂലിപ്പണി ചെയ്ത് പണം സ്വരൂപിച്ച് വീണ്ടും വീടു പണിയുമെന്ന് ദമ്പതികൾ പറഞ്ഞു. നേരത്തെയുണ്ടായി മൂന്ന് ചുഴലിക്കാറ്റുകളേക്കാൾ മോശമായിരിക്കുമോ ബിപാർജോയ് എന്ന് ആശങ്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് ഭയമില്ലെന്ന് അവർ പറഞ്ഞു. ചുഴലിക്കാറ്റ് ഞങ്ങളെ കാര്യമായി ബാധിക്കില്ലെന്നും ഈ ദുരിതവും കടന്നുപോകുമെന്നും ഉസ്മാൻ പറഞ്ഞു. ആളുകൾക്ക് വീട് നഷ്ടപ്പെട്ടപ്പോൾ, ഈ പ്രദേശത്ത് മുമ്പ് ജീവഹാനി ഉണ്ടായിട്ടില്ല എന്നത് ഞങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്പതികൾ താമസിക്കുന്ന ജാഖൗവിനടുത്തുള്ള പ്രദേശത്താണ് ബിപാർജോയ് ചുഴലിക്കാറ്റ് ആഞ്ചു വീശുക എന്നാണ് പ്രവചനം. 
കച്ച്, ജാംനഗർ, മോർബി, രാജ്കോട്ട്, ദേവഭൂമി ദ്വാരക, ജുനഗഡ്, പോർബന്ദർ, ഗിർ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളിലായി ഇതുവരെ ഒരു ലക്ഷത്തോളം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു.
 

Latest News