കൃത്രിമ ബുദ്ധിയേക്കാൾ മാരകമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
കൃത്രിമബുദ്ധി വരുത്തുന്ന ദോഷങ്ങളെ കുറിച്ചുള്ള ആശങ്കക്കും വിവാദത്തിനുമിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ ദോഷം കാണാതെ പോകരുതെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ആവശ്യമാണെന്നും അദ്ദേഹം നിർദേശിച്ചു.
ചാറ്റ്ബോട്ടുകൾ, ഇമേജ് ജനറേറ്ററുകൾ, വോയ്സ് ക്ലോണിംഗ് ടെക്നോളജി എന്നിവയുൾപ്പെടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൃത്രിമബുദ്ധി ടൂളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കൂടുതൽ സഹായകമാകുമെന്ന ആഗോള ആശങ്കക്ക് കാരണമായിട്ടുണ്ട്.
കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആശങ്കകളും നിലവിളികളും നമ്മുടെ കാതടപ്പിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ സാങ്കേതികവിദ്യ ഇതിനകം ലോകത്തിന് വരുത്തിയിരിക്കുന്ന നാശത്തിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കരുതെന്ന് ഗുട്ടെറസ് പറഞ്ഞു.
ഡിജിറ്റൽ ലോകത്തു തുടരുന്ന വിദ്വേഷത്തിന്റെയും നുണകളുടെയും വ്യാപനം ആഗോളതലത്തിൽ ഗുരുതരമായ ദോഷമാണ് വരുത്തുന്നതെന്ന ഈ വിഷയത്തെക്കുറിച്ചുള്ള നയരേഖ അവതരിപ്പിക്കുന്നതിനിടെ ഗുട്ടെറസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ വിവരങ്ങളുടേയും നുണകളുടേയും പ്രചാരണം ഇപ്പോൾ സംഘർഷത്തിനും മരണത്തിനും നാശത്തിനും ആക്കം കൂട്ടുകയാണ്. അതോടൊപ്പം ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വലിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന യു.എന്നിന്റെ ഭാവി ഉച്ചകോടിക്ക് മുന്നോടിയായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വിവര സമഗ്രതക്കായുള്ള പെരുമാറ്റച്ചട്ടം ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗുട്ടെറസ് പറഞ്ഞു.
ദോഷകരമായ ഉള്ളടക്കം പണമാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പരസ്യദാതാക്കൾ ഇതു വരുത്തുന്ന ചെലവുകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ പെരുമാറ്റച്ചട്ടത്തിലുണ്ടാകും.
തെറ്റായ വിവരങ്ങളും വിദ്വേഷവും വൻ ലാഭം സൃഷ്ടിക്കാൻ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായി സ്ഥാപിതമായ വസ്തുതകളെ തുരങ്കം വെക്കാൻ വലിയ തോതിലുള്ള തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇത് മനുഷ്യരാശിയുടെ അസ്തിത്വത്തിനു തന്നെ അപകടസാധ്യത സൃഷ്ടിക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഏൽപിക്കുന്ന ആഘാതങ്ങളും അദ്ദേഹം വിശദീകരിച്ചു.
ആഗോളതലത്തിൽ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനത്തിനു കാരണമാകുമ്പോൾതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഇരുണ്ട വശം കൂടി തുറന്നുകാണിക്കപ്പെടണം.
പുതിയ പെരുമാറ്റച്ചട്ടം വിവര സമഗ്രത, മനുഷ്യാവകാശങ്ങൾ, സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള പിന്തുണ എന്നിവയിൽ അധിഷ്ഠിതമാകണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളിൽ നിന്ന് നാം പാഠം പഠിക്കണം. സമൂഹങ്ങൾക്കും വ്യക്തികൾക്കും സംഭവിക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമോ വിലയിരുത്തലോ ഇല്ലാതെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലോകത്ത് ആരംഭിച്ചത്. വേഗതയിൽ നീങ്ങുക, തകർക്കുക' എന്ന സിലിക്കൺ വാലി തത്വചിന്തയുടെ യുഗം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.






