മെറ്റ ഗുരു പറയുന്നു; ചാറ്റ്ജി.പി.ടി മോഡൽ കൃത്രിമ ബുദ്ധിയുടെ കാലം കഴിഞ്ഞു 

യാൻ ലെകൺ

ചാറ്റ്ജി.പി.ടിയുടെ പിന്നിലെ സാങ്കേതിക വിദ്യയായ ജനറേറ്റീവ് എ.ഐ മരണാസന്ന ഘട്ടത്തിലാണെന്നും പകരം മനുഷ്യ യുക്തിക്ക് സമാനമായ പുതിയ കൃത്രിമബുദ്ധി രംഗത്തുവരുമെന്നും ഫെയ്‌സ്ബുക്ക് ഉടമസ്ഥരായ മെറ്റയുടെ മുഖ്യ ശാസ്ത്രജ്ഞൻ യാൻ ലെകൺ പറഞ്ഞു.
കൃത്രിമ ബുദ്ധിയും മെഷീൻ ലേണിംഗും ഇപ്പോൾ ശരിക്കും മോശം അവസ്ഥയിലാണെന്നും മനുഷ്യർക്ക് സാമാന്യബുദ്ധിയുണ്ടെന്നും യന്ത്രങ്ങൾക്ക് അതില്ലെന്നും പാരീസിൽ മെറ്റാ ലോഞ്ച് ഇവന്റിൽ സംബന്ധിച്ച മാധ്യമപ്രവർത്തകരോട് യാൻ ലെകൺ പറഞ്ഞു.
ജെപ എന്ന പേരിലറിയപ്പെടുന്ന ഇമേജ് അധിഷ്ഠിതമായ പുതിയ കൃത്രിമ ബുദ്ധി പദ്ധതിയാണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. ജോയിന്റ് എംബെഡിംഗ് പ്രഡിക്ടീവ് ആർകിടെക്ചർ (JEPA) പദ്ധതിയെ മുൻനിർത്തിയാണ് യാൻ ലെകൺ കൃത്രിമ ബുദ്ധിയുടെ ഭാവിയെ കുറിച്ച് സംസാരിക്കുന്നത്. 
ചാറ്റ്ജി.പി.ടി പോലുള്ള ജനറേറ്റീവ് കൃത്രിമ ബുദ്ധിയുടെ അപ്പുറത്തേക്ക് കടക്കാനും മെഷീനുകൾക്ക് അമൂർത്തമായ ആശയങ്ങൾ സങ്കൽപ്പിക്കാനുള്ള കഴിവ് നൽകാനുമാണ് പുതിയ പദ്ധതി ശ്രമിക്കുന്നത്. ഓൺലൈനിൽ നിലവിലുള്ളത് പുനരുജ്ജീവിപ്പിക്കുകയെന്നതിനപ്പുറത്താണ് യന്ത്രങ്ങൾക്ക് ആശയങ്ങൾ സങ്കൽപിക്കാനുള്ള ശേഷി നൽകാനുള്ള പുറപ്പാട്. 
ജനറേറ്റീവ് മോഡലുകൾ ഭൂതകാലത്തേക്ക് നീങ്ങുകയാണെന്നും ജോയിന്റ് എംബഡിംഗ് പ്രവചനാത്മക ആർക്കിടെക്ചറിന് അനുകൂലമായി അവ ഉപേക്ഷിക്കുമെന്നും താൻ നേതൃത്വം നൽകുന്ന മെറ്റാ പ്രോജക്റ്റിനെ കുറിച്ച് യാൻ ലെകൺ പറഞ്ഞു.
കുറച്ച് വർഷത്തിനുള്ളിൽ തന്നെ ജനറേറ്റീവ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കാതാകുമെന്നാണ് താൻ പ്രവചിക്കുന്നതെന്നും അവ മാറ്റിസ്ഥാപിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രി ബുദ്ധിയെ കുറിച്ചുള്ള പ്രധാന ചിന്തകനായി കണക്കാക്കുന്ന ശാസ്ത്രജ്ഞനാണ് യാൻ ലെകൺ. ചാറ്റ്ജി.പി.ടിയും ഇമേജ് അധിഷ്ഠിത Dal-l-E യും പുറത്തുവന്നതിനു ശേഷം കൃത്രിമ ബുദ്ധി ജനറേറ്റീവ് മോഡലുകളെ ചുറ്റിപ്പറ്റി ഉയർന്ന ആവേശത്തിന്റേയും ഭ്രാന്തിന്റേയും വിമർശകൻ കൂടിയാണ് അദ്ദേഹം.  
ജനറേറ്റീവ് എ.ഐയെ ചുറ്റിപ്പറ്റിയുള്ള ഭയവും ആവേശവും അതിന്റെ യഥാർഥ കഴിവുകളെ വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് ലെകൺ വിശ്വസിക്കുന്നുണ്ട്. 
പുതുതായി ആരംഭിച്ചിരിക്കുന്ന ജെപ ഓപൺ ടൂൾ ആണെന്നും ഗവേഷകർക്ക് അതിൽ വൈദഗ്ധ്യം പ്രകടിപ്പിക്കാനാകുമെന്നും മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 
ആളുകൾ ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് കൂടുതൽ അടുത്ത് പ്രതിഫലിപ്പിക്കുന്ന എ.ഐ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മനസ്സിലാക്കുകയും പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്ന മോഡലുകളാണ് ആവശ്യം. പുതിയ ഗവേഷണം ആ ദിശയിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണെന്ന് സക്കർബർഗ് പറഞ്ഞു. 
എതിരാളികളെ അപേക്ഷിച്ച്, മെറ്റ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവക്കായി ചാറ്റ്ജി.പി.ടി മാതൃകയിലുള്ള കൃത്രിമബുദ്ധിയോട് വ്യതിരിക്തമായ സമീപനമാണ് സ്വീകരിച്ചത്.
മെറ്റ അതിന്റെ ഉൽപന്നങ്ങളിൽ ജനറേറ്റീവ് ഐ.ഐ സന്നിവേശിപ്പിക്കുകയാണ് ചെയ്തത്. മൈക്രോസോഫ്റ്റും ഗൂഗിളും പബ്ലിസിറ്റി നൽകിയാണ് ചെയ്തതെങ്കിൽ വലിയ ബഹളമില്ലാതെയാണ് തങ്ങളത് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചാറ്റ്ജി.പി.ടിയെ അപേക്ഷിച്ച് കുറഞ്ഞ കംപ്യൂട്ടിംഗ് പവർ ആവശ്യമുള്ള ഓപൺ സോഴ്‌സ് എ.ഐ മോഡലുകളും മെറ്റ പുറത്തിറക്കിയിട്ടുണ്ട്.

Latest News