സോറി, ഞങ്ങൾ ഇങ്ങനെയാണ്

ഇനിയെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ വാചകമടിക്കരുതെന്നാണ് സി.പി.എമ്മിനോടും അവരെ അനുകൂലിക്കുന്നവരോടും പറയാനുള്ളത്. ഉത്തരേന്ത്യയിൽ മാധ്യമവേട്ടയെ ചോദ്യം ചെയ്യുകയും കേരളത്തിൽ മാധ്യമ വേട്ട നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇനി വേണ്ട. ചോദ്യം ചെയ്യുന്നവരോട് ഉള്ളത് ഉള്ളതുപോലെ പറയുക.

ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വനിത റിപ്പോർട്ടർക്കെതിരെ പോലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു. അതും എല്ലാ നിയമ വ്യവസ്ഥകളും കാറ്റിൽ പറത്തിക്കൊണ്ട്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവം. പണ്ട് തിരുവിതാംകൂർ ഭരിച്ചിരുന്ന ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ മാധ്യമങ്ങളെയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലുള്ള മാധ്യമ പ്രവർത്തകരെയും കൂച്ചുവിലങ്ങിടാൻ പല കുത്സിത വൃത്തികളും ചെയ്തതായി ചരിത്രത്തിലുണ്ട്. അതിന്റെ അനുകരണമാണോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്നതെന്ന് സംശയിച്ചുപോകുന്നു. അതോ മാധ്യമങ്ങളെ സ്വാധീനിച്ചും സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാത പിന്തുടരുന്നോ.
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന പരീക്ഷ തിരിമറിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തത്. ഭരണപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി ആർഷോ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പോലീസിന്റെ അതിവേഗ നടപടി. പരാതി വളരെ വിചിത്രമാണ്. ആർഷോ എഴുതാത്ത പരീക്ഷയിൽ പാസായതായി കോളേജിന്റെ വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു, രണ്ടു മാസം മുമ്പ്. രണ്ട് മാസം ആരുമറിയാതെ വെബ്‌സൈറ്റിൽ കിടന്ന ആ ഫലം തന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ അക്കാര്യം അഖില ലൈവായി റിപ്പോർട്ട് ചെയ്തു. ഇത് ഗൂഢാലോചനയാണെന്നും തനിക്ക് അപകീർത്തിയുണ്ടാക്കുന്നതാണെന്നുമാണ് ആർഷോ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇതിലെന്ത് ഗൂഢാലോചനയെന്ന് ഏത് പോലീസുകാരനും ചോദിച്ചുപോകുമെങ്കിലും പിണറായി ഭരണത്തിൽ അത് ഗൂഢാലോചന തന്നെയാണ്. 
താൻ മഹാരാജാസ് കോളേജിൽ റിപ്പോർട്ട് ചെയ്യാൻ പോയത് കെ. വിദ്യ എന്ന മുൻ എസ്.എഫ്.ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കാനാണെന്ന് അഖില പറയുന്നു. 
മഹാരാജാസ് കോളേജിന്റേതെന്ന പേരിൽ വ്യാജ അധ്യാപക പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ പാലക്കാട് അട്ടപ്പാടിയിലെ ഗവ. കോളേജിൽ ജോലിക്ക് ശ്രമിച്ചിരുന്നു. ഈ വിവരം പുറത്തായപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാനാണ് അഖില മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ കാണാൻ പോകുന്നത്. അവിടെയെത്തിയപ്പോഴാണ് ആർഷോ എഴുതാത്ത പരീക്ഷ പാസായത് കോളേജിന്റെ വെബ്‌സൈറ്റിൽ ഉള്ള വിവരം കോളേജിലെ കെ.എസ്.യു പ്രവർത്തകർ പറയുന്നത്. ഇക്കാര്യം കോളേജ് പ്രിൻസിപ്പൽ തന്നെ പിന്നീട് സ്ഥിരീകരിച്ചു. ഈ വിവരം വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വാർത്തക്കൊപ്പം തന്നെ ലൈവായി അഖില റിപ്പോർട്ട് ചെയ്തു. ഇതിന്റെ പേരിലാണ് കോളേജ് പ്രിൻസിപ്പലും അധ്യാപകരും കെ.എസ്.യുക്കാരും മാധ്യമ പ്രവർത്തകയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കാട്ടി ആർഷോ ഡി.ജി.പിക്ക് പരാതി നൽകിയത്. 
രണ്ടു മാസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷ ഫലത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിൽ ഗൂഢാലോചന ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാലാവും 

എറണാകുളം പോലീസ് ആദ്യം ഈ പരാതിയുമായി മുന്നോട്ടു പോകാൻ തയാറായില്ലെന്നാണ് വിവരം. അതേത്തുടർന്ന് ആർഷോ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് വേറെ പരാതി നൽകുകയും അദ്ദേഹം കർശന നടപടിയെടുക്കാനുള്ള ഉത്തരവോടെ താഴേക്ക് കൊടുക്കുകയും ചെയ്തതോടെയാണ് പോലീസ് സടകുടഞ്ഞെഴുന്നേറ്റത്. കോളേജ് പ്രിൻസിപ്പലിനെയും വകുപ്പ് മേധാവിയെയും കെ.എസ്.യു നേതാവിനെയും മാധ്യമ പ്രവർത്തകയെയുമെല്ലാം പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു. അന്വേഷണം പൊടിപൊടിക്കുന്നു.
നിയമത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് പോലീസിന്റെ നടപടി. ആർഷോ നൽകിയിരിക്കുന്ന പരാതിയനുസരിച്ച് മാനഹാനിക്ക് കേസെടുക്കാൻ നിയമപ്രകാരം പോലീസിന് അധികാരമില്ല. അത്തരമൊരു പരാതി ആദ്യം സമർപ്പിക്കേണ്ടത് കോടതിയിലാണ്. കോടതി പരാതി പരിശോധിച്ച ശേഷം അനുമതി നൽകിയാൽ മാത്രമാണ് പോലീസിന് ഇടപെടാൻ കഴിയുക.
യഥാർഥത്തൽ പോലീസല്ല, സംസ്ഥാന സർക്കാരും സി.പി.എമ്മും തന്നെയാണ് ഈ നീക്കങ്ങളുടെയെല്ലാം പിന്നിലെന്ന് പറയേണ്ടതില്ല. പിറ്റേ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭീഷണിയിലൂടെ അത് കൂടുതൽ വ്യക്തമായി. സർക്കാരിനെയും എസ്.എഫ്.ഐയെയും സി.പി.എമ്മിനെയും വിമർശിച്ചാൽ ഇനിയും കേസെടുക്കുമെന്നാണ് ഗോവിന്ദൻ ആക്രോശിച്ചത്. മാധ്യമങ്ങൾ സർക്കാരിനെ അനുകൂലിച്ചാണ് വാർത്ത നൽകേണ്ടതെന്നൊരു തീട്ടൂരവും അദ്ദേഹം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന ബി.ജെ.പി നിലപാടിന്റെ കേരള വേർഷൻ. സർക്കാരിനെ സ്തുതിക്കുന്ന മാധ്യമങ്ങൾ മാത്രം ഇവിടെ പ്രവർത്തിച്ചാൽ മതിയെന്ന മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ കൂട്ട ആരവം മുഴക്കുന്ന ഇടതു സൈബർ വെട്ടുകിളികൾ മാധ്യമ പ്രവർത്തകർക്കെതിരെ ആക്രോശിക്കുന്നു.
ബി.ബി.സി ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ പ്രദർശനം നിരോധിക്കുകയും ന്യൂദൽഹിയിലെ ബി.ബി.സി ഓഫീസിൽ റെയ്ഡ് നടത്തുകയും കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തവരിൽ മുന്നിലായിരുന്നു സി.പി.എമ്മും ആ പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. നമ്മുടെ മുഖ്യന്ത്രിയും ഇക്കാര്യത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തു വന്നതാണ്. സിദ്ദീഖ് കാപ്പൻ വിഷയത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമ പ്രവർത്തകർക്കെതിരെ ബി.ജെ.പി സർക്കാർ നടത്തുന്ന വേട്ടകളെ ചോദ്യം ചെയ്യാനും യെച്ചൂരി മുന്നിലുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ തങ്ങൾക്ക് അലോസരമുണ്ടാക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ അവർക്ക് ഒരു സങ്കോചവുമില്ല. ദൽഹിയിൽ ഇക്കാര്യം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി പറയാനാകാതെ യെച്ചൂരി ഓടി രക്ഷപ്പെടുകയായിരുന്നു.
വാസ്തവത്തിൽ അഖില ഒരു നിമിത്തം മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കഥകൾ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് സർക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ ഓരോ വർഷവും വാരിക്കോരി കൊടുത്തിട്ടും മാധ്യമങ്ങൾ സർക്കാരിന്റെ അഴിമതിക്കഥകൾ പുറത്തു വിട്ടുകൊണ്ടേയിരിക്കുന്നു. സ്വർണക്കടത്തും ഡോളർ കടത്തും മുതൽ ഏറ്റവുമൊടുവിൽ കെ ഫോണിലും, എ.ഐ ക്യാമറയിലും വരെ നടക്കുന്ന കോടികളുടെ കൊള്ളയുടെ വിശദാംശങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. അഴിമതിയുടെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണെന്ന ആരോപണവും ഉയർന്നു. ഇതിലുള്ള രോഷം മുഖ്യമന്ത്രി പലതവണ പ്രകടിപ്പിച്ചതാണ്. ഏറ്റവുമൊടുവിൽ അമേരിക്കയിൽ ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ പങ്കെടുത്തപ്പോഴും അദ്ദേഹം കേരളത്തിലെ മാധ്യമങ്ങളെ ശകാരിച്ചു. അതിന്റെ തുടർച്ചയെന്നോണമാണ് പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ കള്ളക്കേസെടുത്ത് നിശ്ശബ്ദരാക്കാനുള്ള നീക്കം. അതിനിയും തുടരുമെന്നു തന്നെയാണ് ഗോവിന്ദൻ ഭീഷണിപ്പെടുത്തുന്നതും.
സ്വേഛാധിപതികളുടെയും ഫാസിസ്റ്റ് ഭരണാധികാരികളുടെയും എക്കാലത്തെയും വലിയ ശത്രുക്കൾ നിർഭയരായ മാധ്യമങ്ങളാണെന്നതാണ് ചരിത്രം. ഇത്തരം ഭരണകൂടങ്ങൾ ഉണ്ടായിരുന്നിടത്തെല്ലാം മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെട്ടിട്ടുമുണ്ട്. അതു തന്നെയാണ് ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ കണ്ടുവരുന്നതും. ഇവിടത്തെ വിരോധാഭാസമെന്തെന്നാൽ, നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും മാധ്യമ വേട്ട മാത്രമേ ആ ഒരു ഗണത്തിലുള്ളൂ എന്നായിരുന്നു കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർക്കടക്കം ഇതുവരെ ഉണ്ടായിരുന്ന നിലപാട്, അങ്ങനെയല്ലെന്ന് തെളിയിക്കുന്ന നിരവധി മുൻ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും.
വാസ്തവത്തിൽ കമ്യൂണിസ്റ്റ് സ്വേഛാധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളിലും ഇപ്പോഴുള്ള രാജ്യങ്ങളിലുമെല്ലാം മോഡിയുടെ ഇന്ത്യയിലേതിനേക്കാൾ എത്രയോ മോശമാണ് മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും അവസ്ഥ. 
എന്നിട്ടും ഇന്ത്യയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ വക്താക്കളായാണ് സി.പി.എമ്മും ഇടതുപക്ഷവും എപ്പോഴും നിലനിന്നിരുന്നത്. അതിനു കാരണം ഭരണഘടന ശിൽപികളും പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു അടക്കമുള്ള ഭരണാധികാരികളും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ശക്തമായ പിന്തുണ നൽകിയതിനാൽ അവർക്ക് മറ്റു മാർഗമില്ലായിരുന്നതാണ്. പക്ഷേ കേരളത്തിൽ തുടർഭരണത്തിലൂടെ ജനങ്ങൾ നൽകിയ അംഗീകാരം ശരിയായ രൂപം കാട്ടാൻ സി.പി.എം അവസരമാക്കി. ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ അതിനു മുമ്പു തന്നെ ആരംഭിച്ചിരുന്നു കടക്ക് പുറത്ത് അടക്കം മാധ്യമങ്ങളെ ആട്ടിപ്പായിച്ച സംഭവങ്ങൾ. ഈ സർക്കാരിന്റെ തുടക്കത്തിൽ അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായ സംഘർഷ സമയത്ത് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടു തന്നെ അതിന് തെളിവാണ്. ഇപ്പോൾ മാധ്യമങ്ങൾ സർക്കാരിന്റെ അഴിമതിക്കഥകൾ നിരന്തരം റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കടുപ്പിച്ചു. അതിനിയും തുടരുമെന്ന് എം.വി. ഗോവിന്ദൻ തന്നെ പറയുകയും ചെയ്യുന്നു. 
ഇനിയെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചകമടിക്കരുതെന്നാണ് സി.പി.എമ്മിനോടും അവരെ അനുകൂലിക്കുന്നവരോടും പറയാനുള്ളത്. ഉത്തരേന്ത്യയിൽ മാധ്യമവേട്ടയെ ചോദ്യം ചെയ്യുകയും കേരളത്തിൽ മാധ്യമ വേട്ട നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇനി വേണ്ട. ചോദ്യം ചെയ്യുന്നവരോട് ഉള്ളത് ഉള്ളതുപോലെ പറയുക. സോറി, ഞങ്ങൾ ഇങ്ങനെയാണ്.

Latest News