Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തുകാർക്ക് സഹായം; തിരുവനന്തപുരത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം - വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തിരുവനന്തപുരത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. 
 ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്‌സ് (ഡി.ആർ ഐ) ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ ഹാജരാക്കി. തിരുവനന്തപുരം വിമാനത്താവളം വഴി ഈയിടെ നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ആരോപണം.  കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അന്ന് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വർണക്കടത്തിന് സഹായകരമായ ഇടപടെൽ നടത്തിയതെന്നാണ് വിവരം. 
 അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കുരുക്കുന്ന ഒരു ഓഡിയോ സന്ദേശവും പുറത്തുവന്നതായി പറയുന്നു. '80 കിലോ സ്വർണം തങ്ങൾ  കടത്തിത്തന്നില്ലേ' എന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നതാണ് ഓഡിയോ സന്ദേശത്തിലുള്ളത്. 
 കഴിഞ്ഞ കുറേ കാലമായി തിരുവനന്തപുരം വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകൾ സ്വർണം കടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാൽ റാക്കറ്റുകൾ തമ്മിലുള്ള തർക്കമാണ് സ്വർണക്കടത്ത് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും പറയുന്നു. 

Latest News