റിയാദ് - പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ മുതലെടുത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ കുട്ടികളോ ഭിന്നശേഷിക്കാരോ ആണെങ്കില്‍ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കുന്നതിന് പീഡന വിരുദ്ധ നിയമത്തിലെ ആറാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.






