Sorry, you need to enable JavaScript to visit this website.

ഡേറ്റിംഗ് ആപ്പിൽ സ്ത്രീ പ്രൊഫൈലിൽ ചാറ്റിംഗ്, മൂന്നംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ

കൊച്ചി-ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് സൗഹൃദമുണ്ടാക്കി നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന  യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂർ പെരിഞ്ഞനം തേരുപറമ്പിൽ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) ഇതേ വിലാസത്തിൽ താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. 
ഒരു ഡേറ്റിംഗ് ആപ്പിലൂടെ എറണാകുളത്തുള്ള യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി  സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ബംഗളൂരുവിൽ കോളേജിൽ പഠിക്കുകയാണെന്നും ഇപ്പോൾ സ്വദേശമായ കോലഞ്ചേരിയിലെത്തിയാൽ  നേരിൽ കാണാമെന്ന് പറഞ്ഞ്  ഇവർ മെസേജ് അയക്കുകയുമായിരുന്നു. അത് വിശ്വസിച്ച്  കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറിൽ എത്തിയ പേർ തങ്ങൾ പെൺകുട്ടിയുടെ സഹോദരങ്ങളാണെന്ന് പറഞ്ഞ് ബലമായി വാഹനത്തിൽ പിടിച്ച് കയറ്റുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇയാളിൽ നിന്ന് 23000 രൂപ അക്കൗണ്ട് വഴിയും പേഴ്‌സിലെ പണവും കവർന്നെടുത്ത ശേഷം റോഡിൽ ഉപേക്ഷിച്ചു. 
യുവാവ് സുഹൃത്തുക്കൾ വഴി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നഗരത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിയുകയും രാമമംഗലം പാലത്തിന് സമീപം വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ മൂന്നുപേരും വർഷങ്ങളായി ബംഗളൂരുവിലും ഗോവയിലുമായി താമസിച്ചു വരികയാണ്. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന മറ്റൊരാളെ ഭീഷണിപ്പെടുത്തി കയ്യിലെ സ്വർണ്ണ ചെയിനും എടിഎമ്മിൽ നിന്ന് 19000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ സൗഹൃദത്തിൽ ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും  ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Latest News