അഷ്‌റഫിന്റെ മരണം അറിയാതെ സഹോദരി സൗദിയില്‍ എത്തി

തൃശൂര്‍ - റിയാദില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ട പെരിങ്ങോട്ടുകര താന്ന്യം സ്വദേശി അഷറഫിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ സഹോദരി ഷബാന.
സഹോദരന് കുത്തേറ്റ വിവരമോ കൊല്ലപ്പെട്ട വിവരമോ അറിയാതെ ഷബാനയും കുഞ്ഞും  ഇന്നലെ പുലര്‍ച്ചയാണ് സൗദിയില്‍ വിമാനമിറങ്ങിയത്.
തന്റെ സഹോദരന്റെ മരണവാര്‍ത്തയാണ് ഷബാനയ്ക്ക് വിമാനത്താവളത്തില്‍   വച്ച് കേള്‍ക്കേണ്ടി വന്നത്.
നാട്ടില്‍നിന്ന് തന്റെ സഹോദരന് ഏറെ  ഇഷ്ടപ്പെട്ട പലഹാരങ്ങളും അച്ചാറുമടക്കം പലതും കയ്യില്‍ കരുതിയാണ് ഷബാന സൗദിയിലേക്ക് തിരിച്ചത്.
മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ട സഹോദരന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത ഷബാനയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല.
നെടുമ്പാശേരിയില്‍ നിന്ന് സൗദിയിലേക്ക് വിമാനം കയറുമ്പോള്‍ ഷബാന ഗള്‍ഫില്‍ തന്റെ സഹോദരന് നേരിട്ട ദുരന്തം അറിഞ്ഞിരുന്നില്ല. വീട്ടുകാരും ആ സമയം വിവരമറിഞ്ഞിരുന്നില്ല.
വിമാനം ടേക്ക് ഓഫ് ചെയ്തതിനുശേഷമാണ് വിവരങ്ങള്‍ നാട്ടില്‍ അറിഞ്ഞത്.
സൗദി വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ഭര്‍ത്താവിനൊപ്പം സഹോദരനും എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഷബാനയ്ക്ക് തന്റെ സഹോദരന്‍ ജീവിച്ചിരിപ്പില്ല എന്ന വാര്‍ത്തഹൃദയം തകര്‍ക്കുന്നതായിരുന്നു.
അഷ്‌റഫിന്റെ വാപ്പയെയും ഉമ്മയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് നാട്ടുകാരും അടുത്ത ബന്ധുക്കളും.
നേരത്തെ മൂന്നുവര്‍ഷത്തോളം സൗദിയിലുണ്ടായിരുന്ന അഷ്‌റഫ് ജോലി ഒഴിവാക്കി നാട്ടില്‍ പോയിരുന്നു. പിന്നീട് ഒരു വര്‍ഷം മുമ്പാണു പുതിയ വിസയില്‍ എത്തിയത്.
ഈ വരുന്ന 18നാണ് അഷറഫ് ഗള്‍ഫിലേക്ക് പോയി ഒരു വര്‍ഷം ആകുന്നത്.
നാട്ടില്‍ തൃപ്രയാര്‍  കിഴക്കേ നടയില്‍ ടാക്‌സി ഓടിക്കുകയായിരുന്നു അഷ്‌റഫ്.
പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്.
അഷറഫിന്റെ  മരണ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമായിട്ടില്ല.

Latest News