സുധാകരനെയും സതീശനെയും ഗ്രൂപ്പുകള്‍ വെട്ടുമോ.. വെല്ലുവിളി അതികഠിനം


കൊച്ചി- സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായി അറസ്റ്റ് ഭീഷണി നേരിടുന്ന കെ സുധാകരനും വിദേശ ഫണ്ട് പിരിവ് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വി ഡി സതീശനും കോണ്‍ഗ്രസില്‍ പിന്തുണ കുറയുന്നു. പാര്‍ട്ടി പുനസംഘടനയും പാര്‍ലമെന്റ് ഇലക്ഷനുള്ള ഒരുക്കങ്ങളും നടക്കുന്നതിനിടയില്‍ വന്നിരിക്കുന്ന കേസ് ഇരുവര്‍ക്കും കനത്ത തിരിച്ചടിയായി മാറി.

ഗുരുതരമായ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ കെ സുധാകരന് പകരം കോണ്‍ഗ്രസിന് പുതിയ പ്രസിഡണ്ടിനെ കണ്ടെത്തേണ്ടി വരുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലിപ്പോള്‍ രണ്ടഭിപ്രായമില്ല. വിജിലന്‍സ് കേസന്വേഷണം നേരിടുന്ന വി ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനവും ഒപ്പം തന്നെ ചോദ്യം ചെയ്യപ്പെടും. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കെ സുധാകരനെയും വി ഡി സതീശനെയും മുന്നില്‍ നിര്‍ത്തി ഇലക്ഷനെ നേരിട്ടാല്‍ യു ഡി എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനൊരുങ്ങുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള യു ഡി എഫ് ഘടകകക്ഷികളും പുതിയ നീക്കത്തിനൊപ്പമുണ്ടാകും.

കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും കണ്ണുവെച്ചാണ് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. തന്നെ വെട്ടി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതു മുതല്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തല ഇതൊരു സുവര്‍ണാവസരമായാണ് കാണുന്നത്. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിട്ടുള്ള ചെന്നിത്തലക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. യു ഡി എഫിലെ ഘടകകക്ഷികളുടെയും എന്‍ എസ് എസിന്റെയും പിന്തുണ ചെന്നിത്തലക്ക് ലഭിക്കും. വി ഡി സതീശന്റെയും കെ സുധാകരന്റെയും പ്രവര്‍ത്തന ശൈലികളില്‍ മുസ്ലീം ലീഗനടക്കം കടുത്ത വിയോജിപ്പുകളുണ്ട്. എന്‍ എസ് എസിനാകട്ടെ സതീശന്‍ അനഭിമതനുമാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്തിന് ചെന്നിത്തല ശക്തമായ അവകാശവാദമുന്നയിക്കുമ്പോള്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി എ ഗ്രൂപ്പ് അവകാശവാദമുന്നയിക്കും. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് കെ സുധാകരനെ ഹൈക്കമാന്‍ഡ് കെ പി സി സി അധ്യക്ഷനായി നിയമിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും അടക്കമുള്ള നേതാക്കള്‍ പരസ്യമായി തന്നെ സുധാകരനെ തള്ളിപ്പറഞ്ഞിരുന്നു. കെ പി സി സി അധ്യക്ഷനായ ശേഷം സെമി കേഡര്‍ പോലുള്ള പരീക്ഷണങ്ങള്‍ സുധാകരന്‍ നടത്തിയെങ്കിലും സംഘടനാ തലത്തില്‍ മലബാറിനപ്പുറം വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായാത് കെ സുധാകരന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.

അടുത്ത ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കാനുള്ള വജ്രായുധമായാണ് ഈ കേസുകളെ സി പി എം ഉപയോഗിക്കാന്‍ പോകുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായി കുറ്റപത്രം ലഭിച്ച് വിചാരണ നേരിട്ട് കോടതിയുടെ ശിക്ഷാവിധി വരുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും. വി ഡി സതീശനെതിരായ വിജിലന്‍സ് കേസിന്റെ അന്വേഷണവും ഇത്തരത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടു പോകുകയായിരിക്കും തന്ത്രം. രണ്ടു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും സാധ്യത ശക്തമാണ്. സുധാകരനെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. സി ബി ഐ അന്വേഷണം വേണമെന്നാണ് കേസിലെ വാദികളും പ്രതികളും ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാടാകും സ്വീകരിക്കുക.

 

Latest News