Sorry, you need to enable JavaScript to visit this website.

ഹജ്ജ് ബലി കൂപ്പണ്‍ നിരക്ക് 720 റിയാല്‍; ബലി മാസം സൗദി അറേബ്യ എന്തു ചെയ്യുന്നു

ജിദ്ദ - ഈ വര്‍ഷത്തെ ബലി കൂപ്പണ്‍ നിരക്ക് 720 റിയാലായി നിശ്ചയിച്ചതായി ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യന്‍ പദ്ധതി അധികൃതര്‍ അറിയിച്ചു. കൂപ്പണ്‍ വില്‍പനക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി വെബ്‌സൈറ്റ് (www.adahi.org) വഴിയും ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇ-ട്രാക്ക് വഴിയും ചാരിറ്റബിള്‍ സൊസൈറ്റികളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സൗദി പോസ്റ്റ് വഴിയും ചില ബാങ്കുകള്‍ വഴിയും അല്‍ഉഥൈം സ്റ്റോര്‍ ശാഖകള്‍ വഴിയും കൂപ്പണുകള്‍ വാങ്ങാന്‍ സാധിക്കും.
ഈ വര്‍ഷം പത്തു ലക്ഷത്തിലേറെ കൂപ്പണുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കു കീഴില്‍ ആടുകളെ ബലിയറുക്കാന്‍ ഏഴു കേന്ദ്രങ്ങളും ഒട്ടകങ്ങളെയും പശുക്കളെയും ബലിയറുക്കാന്‍ ഒരു കേന്ദ്രവുമാണ് പുണ്യസ്ഥലങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള അന്തിമ ഒരുക്കങ്ങള്‍ ജിദ്ദയില്‍ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തില്‍ അധികൃതര്‍ വിശദീകരിച്ചു. ഐ.ഡി.ബി പ്രസിഡന്റ് ഡോ. മുഹമ്മദ് അല്‍ജാസിര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകളുടെ പ്രതിനിധികളും പദ്ധതി കരാറുകാരും പങ്കെടുത്തു.
ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതി 1983 ലാണ് സൗദി അറേബ്യ ആരംഭിച്ചത്. പദ്ധതി നടത്തിപ്പ് ചുമതല പിന്നീട് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനെ ഏല്‍പിച്ചു. മുനിസിപ്പല്‍-ഗ്രാമകാര്യ, ധന, ആഭ്യന്തര, നീതിന്യായ, ഇസ്‌ലാമികകാര്യ, ഹജ്, കൃഷി മന്ത്രാലയങ്ങളുടെയും ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഹജ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഐ.ഡി.ബിയുടെയും പ്രതിനിധികളടങ്ങിയ കമ്മിറ്റി പദ്ധതിയുടെ ഭംഗിയായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നു.
നിര്‍ധനര്‍ക്കും അര്‍ഹരായവര്‍ക്കും ബലി മാംസം വിതരണം ചെയ്യാനും ബലി മൃഗങ്ങള്‍ ആരോഗ്യ, മതപര വ്യവസ്ഥകള്‍ പൂര്‍ണമായവയാണെന്ന് ഉറപ്പുവരുത്താനും പുണ്യസ്ഥലങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കാനും ബലി മൃഗങ്ങളുടെ തുകലും മറ്റു വസ്തുക്കളും വില്‍പന നടത്തി ലഭിക്കുന്ന വരുമാനം ഹറമിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാനും പദ്ധതിയിലൂടെ ഉമിടുന്നു. കശാപ്പുകാരും വെറ്റിറനറി ഡോക്ടര്‍മാരും സൂപ്പര്‍വൈസര്‍മാരും അടക്കം ആയിരക്കണക്കിന് പേര്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നു. ഹാജിമാര്‍ വാങ്ങുന്ന കൂപ്പണുകള്‍ക്കനുസരിച്ച് ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി മക്കയിലും സൗദിയിലെ മറ്റു പ്രവിശ്യകളിലും അര്‍ഹരായവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. ശേഷിക്കുന്ന ഇറച്ചി ശീതീകരിച്ച് സൂക്ഷിച്ച് അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ എത്തിച്ച് നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്.

 

Latest News