Sorry, you need to enable JavaScript to visit this website.

കൂട്ട പിരിച്ചുവിൽ: 60 ദിവസം മുമ്പ്  അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥ

റിയാദ് - സൗദി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യങ്ങളിൽ അതേ കുറിച്ച് സ്വകാര്യ സ്ഥാപനങ്ങൾ അറുപതു ദിവസം മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്ന വ്യവസ്ഥ മന്ത്രാലയം നടപ്പാക്കുന്നു. സൗദി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം നിയന്ത്രിക്കുന്നതിന് ശ്രമിച്ചാണ് ഈ വ്യവസ്ഥ മന്ത്രാലയം നടപ്പാക്കുന്നത്. 
ഇങ്ങനെ കൂട്ടത്തോടെ സൗദി ജീവനക്കാരെ പിരിച്ചുവിടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ ഇതിന് നിർബന്ധിക്കുന്ന സാഹചര്യങ്ങൾ പഠിച്ച് 45 ദിവസത്തിനകം തീർപ്പ് കൽപിക്കുന്നതിന് മന്ത്രാലയം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. അടുത്തിടെ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ മുതലെടുത്ത് സ്വകാര്യ സ്ഥാപനങ്ങൾ ബിസിനസ് മാന്ദ്യവും ജീവനക്കാരുടെ യോഗ്യതക്കുറവും അടക്കമുള്ള വ്യത്യസ്ത ന്യായീകരണങ്ങൾ ഉയർത്തി സൗദികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന പ്രവണത ഉടലെടുത്ത സാഹചര്യത്തിലാണ് ഇത്തരം പിരിച്ചുവിടലുകൾ നിയന്ത്രിക്കുന്നതിന് കർശന വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. 
സൗദികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വർധിപ്പിക്കുന്നതിനും ശ്രമിച്ച് മണിക്കൂർ അടിസ്ഥാനത്തിൽ സ്വദേശികളെ ജോലിക്കു വെക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം അനുവദിക്കുന്നുണ്ട്. പാർട് ടൈം തൊഴിൽ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് മന്ത്രാലയം ഇതിലൂടെ ശ്രമിക്കുന്നത്. ഇങ്ങനെ പാർട് ടൈം അടിസ്ഥാനത്തിൽ ജോലിക്കു വെക്കുന്ന സൗദി ജീവനക്കാർക്ക് തൊഴിലുടമകൾ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതില്ല. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) നടപ്പാക്കുന്ന തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷ മാത്രം ഇവർക്ക് ഏർപ്പെടുത്തിയാൽ മതി. തൊഴിൽ അപകട ഇൻഷുറൻസ് ഇനത്തിൽ അടിസ്ഥാന വേനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ തൊഴിലുടമകൾ പ്രതിമാസം അടക്കേണ്ടത്. 
2020 ഓടെ വിദൂര തൊഴിൽ പദ്ധതി വഴി 1,41,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭ്യമാക്കുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നു. വീടുകളിൽ നിന്നും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിൽ നിന്നും മറ്റും നിർവഹിക്കുന്ന വിദൂര തൊഴിൽ പദ്ധതി പ്രകാരം ഡാറ്റ എൻട്രി ഓപറേറ്റർ, ഓൺലൈൻ മാർക്കറ്റിംഗ്, സെയിൽസ് എന്നീ തൊഴിലുകളിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊഴിൽ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങൾ ആവശ്യമുള്ള സൗദി ജീവനക്കാരെ ലഭ്യമാക്കുന്നതിന് 93 ശതമാനം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രയാസം നേരിടുന്നു. സൗദിയിലെ യൂനിവേഴ്‌സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്നവരിൽ 50 ശതമാനം ഇപ്പോഴും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് നിരക്കാത്ത സൈദ്ധാന്തിക കോഴ്‌സുകളാണ് പഠിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച ഉദ്യോഗാർഥികളുടെ വലിയ കുറവിന് ഇത് ഇടയാക്കുന്നതായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പറഞ്ഞു. തൊഴിൽ നിയമത്തിലെ 77-ാം വകുപ്പ് ദുരുപയോഗിച്ചാണ് സ്വകാര്യ സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ പിരിച്ചുവിടുന്നത്. നിയമാനുസൃത നഷ്ടപരിഹാരം നൽകി ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഈ വകുപ്പ് സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും അനുവദിക്കുന്നു. 
 

Latest News