Sorry, you need to enable JavaScript to visit this website.

നിയമസഭയിലെ കൈയാങ്കളി കേസ്; തുടരന്വേഷണ ഹർജി പിൻവലിച്ച്‌ മുൻ ഇടത്‌ വനിതാ എം.എൽ.എമാർ

തിരുവനന്തപുരം - കേരളത്തിന് നാണക്കേടുണ്ടാക്കിയ നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ മുൻ വനിതാ എം.എൽ.എമാർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹർജി നിലനിൽക്കില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. 
 എന്നാൽ, വിചാരണ തിയ്യതി നിശ്ചയിക്കാൻ കേസ് ഈ മാസം 19ന് പരിഗണിക്കുമെന്ന് സി.ജെ.എം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ തിയ്യതി തീരുമാനിക്കാനിരിക്കേയാണ് മുൻ എം.എൽ.എമാരായ ഇ.എസ് ബിജിമോളും ഗീതാ ഗോപിയും പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നല്കിയത്. നിയമസഭയിലെ കൈയ്യാങ്കളിയിൽ പരുക്കേറ്റെന്നും കേസ് അന്വേഷിച്ച മ്യൂസിയം പോലീസ് മൊഴിയെടുത്തില്ലെന്നും ഇവർ ഹരജയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
 എന്നാൽ, നിയമപരമായി നിലനിൽക്കാത്ത ഹരജിയിൽ കക്ഷിചേരണമെന്ന ആവശ്യവുമായി കോടതിയിൽ എത്തുന്നത് കേസ് നടപടികളെ വൈകിപ്പിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ പ്രതികൾക്കു നല്‌കേണ്ട ഡിവിഡി ദൃശ്യങ്ങൾ തയ്യാറാണെന്നും ഉടനെ കൈമാറുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 
 ബാർ കോഴക്കേസിൽ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടത് എം.എൽ.എമാരുടെ നിയമസഭയിലെ പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്കു കയറിയ ഇടത് പ്രതിപക്ഷ എം.എൽ.എമാർ കമ്പ്യൂട്ടർ ഉപകരണങ്ങളും കസേരയും മറ്റും തകർത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാക്കിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ സാമാജികരായ കെ കുഞ്ഞഹമ്മദ്, കെ അജിത്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. ബജറ്റ് അവതരണം തുടങ്ങിയതോടെ ഭരണ-പ്രതിപക്ഷ എം.എൽ.എമാർ തമ്മിലുണ്ടായ സംഘർഷത്തിൽ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു മുൻ വനിതാ എം.എൽ.എമാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
 

Latest News