ജിദ്ദ - സൗദി അധ്യാപിക വഫാ അൽഗാംദിയെ കുത്തിക്കൊന്ന ഭർത്താവിന്റെ വധശിക്ഷ ജിദ്ദ അപ്പീൽ കോടതി ലഘൂകരിച്ചു. പ്രതിക്ക് ജിദ്ദ ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി പകരം 11 വർഷം തടവ് വിധിച്ചു. ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധത്തിൽ മക്കളുള്ള കാര്യം പരിഗണിച്ചാണ് പ്രതിയുടെ ശിക്ഷ അപ്പീൽ കോടതി ലഘൂകരിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് പ്രതിക്ക് ജിദ്ദ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. കേസ് വിചാരണയുടെ ആറാമത്തെ സിറ്റിംഗിലായിരുന്നു ഇത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വഫാ അൽഗാംദിയെ ഭർത്താവ് കുത്തിക്കൊന്നത്. കുടുംബ കലഹത്തെ തുടർന്ന് വഫാ അൽഗാംദി പോലീസിൽ പരാതി നൽകിയതാണ് കൊലപാതകം നടത്താൻ പ്രതിക്ക് പ്രേരകമായത്. പരാതിയുടെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള എസ്.എം.എസ് ലഭിച്ചതോടെ നിയന്ത്രണംവിട്ട പ്രതി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ നടപ്പാക്കണമെന്ന് മക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.