പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; വീഡിയോ മെസേജുകള്‍ അയക്കാം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ വീഡിയോ മെസേജ് ഫീച്ചര്‍ ആരംഭിക്കുന്നു. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ സൗകര്യം ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ബീറ്റാ ഉപയോക്താക്കള്‍ക്കായി പരീക്ഷണാര്‍ഥം തുടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളെ വീഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് വാട്‌സാപ്പിലെ പുതുമകള്‍ മുന്‍കൂട്ടി ഉപയോക്താക്കളെ അറിയിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റ് ബാറില്‍ മൈക്രോഫോണ്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ വീഡിയോ ക്യാമറ ബട്ടണായി മാറും. ആധികാരികത ഉറപ്പാക്കാന്‍ സ്വീകര്‍ത്താക്കള്‍ക്കും സാധിക്കും. വീഡിയോ മെസേജ് അടുത്തിടെ റെക്കോര്‍ഡ് ചെയ്തതാണെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിക്കുന്നയാള്‍ക്ക് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാഷണത്തിനു പുറത്തുള്ളയാള്‍ക്കോ വാട്‌സാപ്പിനു തന്നെയോ ലഭിക്കാത്ത വിധം വീഡിയോ മെസേജുകളും എന്‍ക്രിപ്റ്റ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡിലും ഐ.ഒ.സിലും ഏതാനും ബീറ്റാ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന ഫീച്ചര്‍ വരും ആഴ്ചകളില്‍തന്നെ കൂടുതല്‍ ഉപയോക്താക്കളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News