നാസിക്- മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ 23 കാരന്റെ മരണത്തിനു കാരണം പശുസംരക്ഷകരുടെ മര്‍ദനമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആറു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ലുക്മാന്‍ അന്‍സാരിയെന്ന യുവാവിന്റെ മൃതദേഹം ഘട്ടന്‍ദേവിയിലെ കൊക്കയിലാണ് കണ്ടെത്തിയിരുന്നത്. വാഹനത്തില്‍ കന്നുകാലികളെ കടത്തുമ്പോഴാണ് യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ ബജ്‌റംഗ് ദളുമായി ബന്ധപ്പെട്ട ആറു പശു സംരക്ഷകരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ലുക്മാന്‍ അന്‍സാരിയും രണ്ട് സഹായികളും ടെമ്പോയില്‍ കാലികളെ കൊണ്ടുപോകുമ്പോള്‍ ജൂണ്‍ എട്ടിനാണ് താനെ ജില്ലയിലെ സഹാപുരില്‍വെച്ച് 10-15 പേര്‍ ചേര്‍ന്ന് തടഞ്ഞത്. കാലികളെ ഇറക്കിയ ശേഷം ടെമ്പോയുടെ നിയന്ത്രണം ഏറ്റെടുത്ത സംഘം ഘട്ടന്‍ദേവിയിലേക്ക് ഓടിച്ചു. വിജനമായ സ്ഥലത്തുനിര്‍ത്തിയ ശേഷമാണ് മൂന്ന് പേരെയും മര്‍ദിച്ചത്. രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും തളര്‍ന്നുവീണ് ലുക്മാന്‍ അന്‍സാരിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
കൊക്കയില്‍ വീണ ശേഷമാണ് അന്‍സാരി മരിച്ചതെന്ന് പ്രതികള്‍ പറയുന്നുണ്ടെങ്കിലും മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലക്കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം തുടരുന്നത്.