Sorry, you need to enable JavaScript to visit this website.

തൊഴിൽ പരസ്യങ്ങളിലൂടെ  വിദേശികളെ നിയമിക്കുന്നതിന് വിലക്ക്‌

റിയാദ് - തൊഴിൽ പരസ്യങ്ങൾ നൽകി വിദേശികളായ ഉദ്യോഗാർഥികളെ കണ്ടെത്തി സൗദിയിൽ ജോലിയിൽ നിയമിക്കുന്നതിന് വിലക്കുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങനെ പരസ്യങ്ങൾ നൽകി വിദേശ ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിക്കുന്നത് തൊഴിൽ, റിക്രൂട്ട്‌മെന്റ് നിയമങ്ങൾ വിലക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ജോർദാനികൾക്ക് സൗദിയിലെ പ്രമുഖ ടെലികോം കമ്പനിയിൽ തൊഴിലവസരങ്ങളുള്ളതായി ജോർദാനിലെ ഗവൺമെന്റ് ഏജൻസി പരസ്യം ചെയ്തതിനെതിരെ സൗദികളിൽ നിന്ന് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരസ്യങ്ങളിലൂടെ വിദേശ ഉദ്യോഗാർഥികളെ കണ്ടെത്തി സൗദിയിൽ ജോലിക്കു വെക്കുന്നതിന് വിലക്കുള്ളതായി മന്ത്രാലയം വ്യക്തമാക്കിയത്. 
സൗദികൾക്കിടയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രലായം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിവരികയാണെങ്കിലും തൊഴിലില്ലായ്മ നിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് സാധിക്കുന്നില്ല എന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് 31 ന് അവസാനിച്ച ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം അറിയിച്ചു. കഴിഞ്ഞ വർഷം അവസാന പാദത്തിലും മൂന്നാം പാദത്തിലും രണ്ടാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമായി കുറയുകയും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31 ശതമാനവും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനവുമായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,191 പേരുടെ കുറവുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 1,01,83,104 ആണ്. 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1,04,17,295 ആയിരുന്നു. 2016 അവസാനം വിദേശികൾ 10.88 ദശലക്ഷം ആയിരുന്നു. പതിനഞ്ചു മാസത്തിനിടെ ഏഴു ലക്ഷത്തിലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 89,000 പേരുടെ മാത്രം വർധനവാണുണ്ടായത്. 
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 
സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കും. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും. 

 

Latest News