ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ അധികാരം വിട്ടുനല്‍കാന്‍ ഗവര്‍ണര്‍ തയാറല്ല
ന്യൂദല്‍ഹി- ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ പരസ്യമായി അവഹേളിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കവേയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേന്ദ്രം സുപ്രീംകോടതി നിര്‍ദേശങ്ങളെ തിരസ്‌കരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച അധികാരം ദല്‍ഹി സര്‍ക്കാരിന് വിട്ടു നല്‍കാന്‍ ലെഫ്. ഗവര്‍ണര്‍ തയാറായില്ല.
ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ ചുമതല 2015ല്‍ ആഭ്യന്തര വകുപ്പ് ലെഫ്. ഗവര്‍ണക്കാണ് നല്‍കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പിന്റെ അധികാരം വിട്ടുകൊടുക്കാന്‍ അനില്‍ ബൈജാല്‍ തയാറകാത്തത്. എന്നാല്‍, ലെഫ്. ഗവര്‍ണറുടെ അധികാര പരിമിതികള്‍ സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഭൂമി, പോലീസ്, പൊതു ഉത്തരവുകള്‍ എന്നിവയിലല്ലാതെ മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ല.
സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്ത് അരാജകത്വത്തിന് വഴിയൊരുക്കുമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പു നല്‍കി.
ലെഫ്. ഗവര്‍ണറുമായി 25 മിനിട്ട് നേരം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സംസാരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ പരസ്യമായി ലംഘിക്കുന്നത്. ഇത് ഒരു മോശം കീഴ്‌വഴക്കത്തിന് വഴിയൊരുക്കും. തങ്ങളെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന് എങ്ങനെയാണ് ദല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നത്. ദല്‍ഹി സര്‍ക്കാരിനെ ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ലക്ഷ്യമാണു കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
എന്നാല്‍, സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം സര്‍വീസ് വകുപ്പിന്റെ ഉത്തരവാദിത്തം ലെഫ്. ഗവര്‍ണറില്‍ തന്നെയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിച്ചിരിക്കുന്ന ഉപദേശമെന്ന് അനില്‍ ബൈജാലിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ 2015 മെയ് 21 ലെ ഇതു സംബന്ധിച്ച ഉത്തരവ് തുടരുമെന്നും ലെഫ്. ഗവര്‍ണര്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവിലൂടെ തങ്ങള്‍ക്ക് ഉറപ്പിച്ചു കിട്ടിയ അധികാരത്തിലൂടെ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ലെഫ്. ഗവര്‍ണറുടെ തടസ്സത്തെ മറികടന്നാണ് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ലെഫ്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങള്‍ എല്ലാവരും ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. ഭരണഘടനയാണ് ഏറ്റവും ഉന്നതമായത്. സുപ്രീംകോടതിയുടെ ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. അത് ബഹുമാനിക്കപ്പെടേണ്ടതുമാണെന്നും കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ദല്‍ഹിയുടെ സദ്ഭരണത്തിനും സമഗ്ര വികസനത്തിനുമായി എല്ലാ സഹകരണവും പിന്തുണയും കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ഉറപ്പു നല്‍കിയെന്ന് ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും ട്വീറ്റ് ചെയ്തു.