Sorry, you need to enable JavaScript to visit this website.

സി.പി.എം രാഷ്ട്രീയ വേട്ട നടത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം -എം.വി. ജയരാജൻ

കണ്ണൂർ - പുറത്തീൽപള്ളി അഴിമതിക്കേസിൽ സി.പി.എം രാഷ്ട്രീയ വേട്ട നടത്തുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ല സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. ആരാധനാലയങ്ങൾ വിശ്വാസികളുടെ പരിപാവനമായ കേന്ദ്രങ്ങളാണ്. ആരാധനാലയങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയോ, അഴിമതിയും ക്രമക്കേടും നടത്തുന്ന കേന്ദ്രങ്ങളാക്കിയോ മാറ്റുന്നതിനെ വിശ്വാസി സമൂഹം തന്നെ എതിർക്കുകയാണ്. പുറത്തീൽ, മട്ടന്നൂർ പള്ളികളുടെയും, മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന്റെയും അഴിമതിക്കെതിരെ പരാതി നൽകിയത് വിശ്വാസികളാണ്. പരാതികളിൽ അന്വേഷണ ഏജൻസികളാണ് കേസെടുത്തത്. അല്ലാതെ സി.പി.എമ്മിന്റെ ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. അഴിമതിക്കാരുടെ പേരിൽ കേസ് വരുമ്പോൾ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത് ലീഗുകാരുടെ ശീലമാണ്. ജനങ്ങൾ ഇത് തിരിച്ചറിയുക തന്നെ ചെയ്യും  þ-ജയരാജൻ പറഞ്ഞു.


തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട നിഹാലിന്റെ വേർപാട് ജനങ്ങളിലാകെ വേദനയുളവാക്കിയ ഒരു സംഭവമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദവും കാര്യക്ഷമവും ശാശ്വതവുമായിട്ടുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം. എന്നാൽ പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ചിലരുടെ ഗൂ്ര്രശമം. 2001 ലെ ആനിമൽ ബർത്ത് കൺട്രോൾ റൂൾ പ്രകാരം അക്രമകാരികളും കൊലയാളികളുമായ തെരുവ് നായകളെ നീക്കംചെയ്യാനോ എവിടെയെങ്കിലും സ്ഥിരമായി അടച്ചിടാനോ യാതൊരവകാശവും തദ്ദേശ സ്ഥാപനങ്ങൾക്കില്ല.  നിയമമനുസരിച്ച് എബിസി കേന്ദ്രങ്ങൾ ആരംഭിക്കുകയും അവിടെ വെച്ച് വന്ധ്യംകരണവും വാക്‌സിനേഷനും നടത്തുകയാണ് ചെയ്യാവുന്ന കാര്യം. അങ്ങനെയാണ് 2017 ൽ പാപ്പിനിശ്ശേരിയിലും തലശ്ശേരിയിലെ കോപ്പാലത്തും മൃഗാശുപത്രികൾക്ക് അനുബന്ധമായി ഇത്തരം  കേന്ദ്രങ്ങൾ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ആരംഭിച്ചത്. പ്രാദേശികമായി അത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനോട് ജനങ്ങൾ സഹകരിച്ചില്ല.  അതുകൊണ്ടാണ് 2021 ൽ ആ കേന്ദ്രങ്ങൾ പൂട്ടേണ്ടിവന്നത്.  തുടർന്നാണ് പടിയൂരിൽ 2022 ഒക്ടോബറിൽ പുതിയ കേന്ദ്രം ആരംഭിച്ചത്.  1094 പട്ടികളെ പ്രസ്തുത കേന്ദ്രത്തിൽ വന്ധ്യംകരിച്ചു. നേരത്തേ രണ്ട് കേന്ദ്രങ്ങളിലായി 8114 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു.  എ.ബി.സി റൂളിലെ പ്രധാന ന്യൂനത വന്ധ്യംകരിച്ച പട്ടികളെ എവിടെനിന്നാണോ കൊണ്ടുപോയത്, അവിടെത്തന്നെ നാലു ദിവസത്തിനു ശേഷം തിരിച്ചേൽപിക്കണമെന്നാണ്.  ഇതിൽ നിന്നു തന്നെ വ്യക്തമാവുന്ന ഒരു കാര്യം പട്ടികളുടെ വർധന ഭാഗികമായി തടയുക മാത്രമാണ് ഈ റൂളുകൊണ്ട് സാധിക്കുന്നതെന്നാണ്.  അക്രമകാരികളായ തെരുവുപട്ടികളെ കൊല്ലാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവില്ല.  വീടുകളിൽ വളർത്തുന്ന പട്ടികളുണ്ട്.  അവയെല്ലാം ഓരോരുത്തരുടെ ഉടമസ്ഥതയിലാണ്.  എന്നാൽ തെരുവുപട്ടികൾ അത്തരത്തിലുള്ളവയല്ല. അക്രമകാരികളായ തെരുവു പട്ടികളോടുള്ള സമീപനം കേന്ദ്ര സർക്കാർ മാറ്റുക തന്നെ വേണം  -ജയരാജൻ ആവശ്യപ്പെട്ടു.


കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ 2001 ലെ ചട്ടം ചോദ്യം ചെയ്തുള്ള കേസിൽ കക്ഷി ചേരുകയുണ്ടായി.  ദൗർഭാഗ്യവശാൽ കേസിൽ തീർപ്പുണ്ടാകുന്നത് നീണ്ടുനീണ്ടു പോകുകയാണ്.  കേന്ദ്ര സർക്കാർ ജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്യുന്നുമില്ല. സുപ്രീം കോടതി ജനങ്ങളുടെ രക്ഷക്കെത്തുന്നുമില്ല.  ഇതാണ് ഇപ്പോഴത്തെ സാഹചര്യം.  സംസ്ഥാന സർക്കാരാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എ.ബി.സി കേന്ദ്രമാരംഭിക്കാനും നിലവിലുള്ള ചട്ടമനുസരിച്ച് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.  അത് പ്രകാരമാണ് കണ്ണൂർ ജില്ല പഞ്ചായത്തും 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വർഷംതോറും പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് തുക വകയിരുത്തിവരുന്നത്.  കണ്ണൂർ ജില്ല പഞ്ചായത്ത് പ്രതിവർഷം ശരാശരി 20 ലക്ഷം രൂപ ഈ പദ്ധതിക്കായി വകയിരുത്തുന്നുണ്ട്. ഒരു തെരുവുപട്ടിയെ ചട്ടപ്രകാരം പിടികൂടാനും വന്ധ്യംകരണം നടത്താനും തിരിച്ചെത്തിക്കാനുമായി ശരാശരി 1500 രൂപയോളം ചെലവ് വരും.  ഈ പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കാനും മുഴുവൻ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണം. ഒപ്പം അതത് പ്രദേശങ്ങളിൽ എ.ബി.സി കേന്ദ്രം പാടില്ലെന്ന നിലപാട് ജനങ്ങളും ഉപേക്ഷിക്കണം. നിഹാലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
 

Latest News