കാടാമ്പുഴയിലെ കാരുണ്യം

മതവിശ്വാസം കൂടുതൽ സുന്ദരമാകുന്നത് മനുഷ്യന് അതുവഴി നന്മ ലഭിക്കുമ്പോഴാണ്. ഭൂമിയിൽ മനുഷ്യ ജീവിതം സുന്ദരമാകുന്നതും നന്മയിലൂടെയാണ്. വിശ്വാസത്തിലൂടെ വിമലീകരിക്കപ്പെട്ട ഓരോ വ്യക്തിയും ചേർന്നാണ് നന്മയാൽ സമൃദ്ധമായ സമൂഹത്തിന് രൂപം കൊടുക്കേണ്ടത്. പരസ്പരം ഉൾക്കൊള്ളാനും ബഹുമാനിക്കാനും മതം മനുഷ്യനെ പഠിപ്പിക്കുന്നു. പരസ്പരം പോരടിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് മതദർശനങ്ങളല്ല. 
മതത്തിന്റെ നന്മയുടെ നേർക്കാഴ്ചയാണ് മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ ഈയിടെ സാന്ത്വന സ്പർശമായത്. ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഈ ക്ഷേത്രഗ്രാമം ഇന്ന് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് നന്മയൂറുന്ന സേവന പ്രവർത്തനത്തിലൂടെയാണ്. മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കാടാമ്പുഴ ദേവസ്വം ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രം അശരണരായ രോഗികൾക്ക് മുന്നിൽ തുറക്കുന്നത് നന്മയുടെ  ഗോപുര വാതിലാണ്. ദേവസ്വത്തിന്റെ വരുമാനം വൃക്ക രോഗികളായവരുടെ ചികിൽസക്ക് ഉപയോഗപ്പെടുത്തുന്ന മഹാമനസ്‌കതയുടെ വാർത്തയാണ് ക്ഷേത്രത്തിലൂടെ പുറത്തു വരുന്നത്. 
പത്തു കോടി രൂപ ചെലവിൽ നിർമിച്ച ഡയാലിസിസ് സെന്റർ അടുത്തിടെയാണ് സംസ്ഥാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 25 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പ്രതിദിനം നൂറുപേർക്ക് സൗജന്യമായി ഈ സംവിധാനം ഉപയോഗിക്കാം.
ദേവസ്വത്തിനു കീഴിലെ ആറേക്കർ ഭൂമിയിൽ 10,000 ചതുരശ്ര അടിയിൽ വൃക്കകളുടെ ആകൃതിയിലാണ് ആശുപത്രി. പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ അന്തർദേശീയ നിലവാരമുള്ള ചികിത്സ കേന്ദ്രം പ്രവർത്തിക്കുന്നു. 25 ഡയാലിസിസ് യന്ത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് യൂനിറ്റ്. നിലവിൽ 10 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത് ബാക്കി ഉടൻ സ്ഥാപിക്കും. പത്തരക്കോടി രൂപയാണ് ഇതുവരെയുള്ള നിർമാണച്ചെലവ്. കേന്ദ്രത്തിന്റെ ഓപറേഷൻ ആൻഡ് മെയിന്റനൻസ് ചുമതല തിരുവനന്തപുരം സത്യസായി ഓർഫനേജ് ട്രസ്റ്റ് ആണ് നിർവഹിക്കുന്നത്. നെഫ്രോളജിസ്റ്റ് സേവനം കോട്ടയ്ക്കൽ ആസ്റ്റർ മിംസും നൽകുന്നു.
2021 ഒക്ടോബറിൽ ആണ് സൗജന്യ ഡയാലിസിസ് സെന്റർ എന്ന സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിട്ടത്. ഒരു വർഷത്തിനുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ മലബാർ ദേവസ്വം ബോർഡിന് കഴിഞ്ഞു. 2022 ഒക്ടോബറിൽ കേന്ദ്രം പ്രവർത്തന സജ്ജമായി പരീക്ഷണാടിസ്ഥാനത്തിൽ ഡയാലിസിസ് ചികിത്സകൾ തുടങ്ങുകയും ചെയ്തു. ജാതിമതഭേദമില്ലാതെ പൂർണമായും സൗജന്യമായാണ് കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്ററിൽ ചികിത്സ നൽകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കാണ് മുൻഗണന. ഭക്തരുടെ സഹായ സഹകരണങ്ങളോടെ തുടർവികസന പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുമെന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന മാറാക്കര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കിഡ്‌നി രോഗികൾക്കാണ് പരിഗണന നൽകുന്നത്. 
ആരോഗ്യ മേഖലയിൽ കാടാമ്പുഴ ദേവസ്വം നടത്തുന്ന ഈ ഇടപെടൽ ഏറെ പ്രശംസനീയമാണ്. ദിനംപ്രതിയെന്നോണം വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. ഇത്തരം രോഗങ്ങൾക്കുള്ള ചികിൽസയാകട്ടെ അനുദിനം ചെലവേറിയതുമാണ്. വൃക്ക മാറ്റിവെക്കൽ ലക്ഷങ്ങൾ ചെലവു വരുന്ന കാര്യമായതിനാൽ ഏറെ പേരും ഡയാലിസിസ് കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ആവശ്യമുള്ളവരാണ് ഏറെ പേരും. ഓരോ ഡയാലിസിസിനും ചെലവ് കൂടുകയുമാണ്. ഡയാലിസിസിന് മാത്രം ദിവസേന ആയിരത്തിലേറെ രൂപ ചെലവിടുമ്പോൾ അനുബന്ധ മരുന്നുകൾക്കും യാത്രാചെലവിനുമായി അത്രയും തുക വേറെയും വേണം. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും ചികിൽസ ചെലവ് സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. നിർധനരായവരുടെ കാര്യം ഏറെ പരിതാപകരമാണ്. ഈ സാഹചര്യത്തിലാണ് കാടാമ്പുഴ ദേവസ്വത്തിന്റെ ആരോഗ്യ          മേഖലയിലെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.  
കേരളത്തിൽ ആദ്യമായാണ് ഒരു ദേവസത്തിന്റെയോ ക്ഷേത്രത്തിന്റെയോ കീഴിൽ സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്. 'മാധവ സേവ മാനവ സേവ' എന്ന ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് കാടാമ്പുഴ ദേവസ്വത്തിന്റെ പ്രവർത്തനങ്ങൾ. 
1987 ൽ പ്രവർത്തനം തുടങ്ങിയ നാടിന് ആശ്രയമായ ചാരിറ്റബിൾ ആശുപത്രി 36 വർഷങ്ങൾക്ക് ഇപ്പുറം സൗജന്യ ഡയാലിസിസ് കേന്ദ്രമായി ആണ് മാറിയിരിക്കുന്നത്. 

Latest News