Sorry, you need to enable JavaScript to visit this website.

സേവ് ദ ഡേറ്റ് ഇനി ട്രെയിനിലും

കാനന പാതയിലൂടെ ട്രെയിൻ കടന്നു വരുന്നു. 
കാനന പാതയിലൂടെ ട്രെയിൻ കടന്നു വരുന്നു. 

ദിൽസേ എന്ന ബോളിവുഡ് ചിത്രത്തിലെ ഹിറ്റ് ഗാന രംഗം ഓർമപ്പെടുത്തുക മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്ക് ഇഴഞ്ഞിഴഞ്ഞു പോകുന്ന പൽച്ചക്ര തീവണ്ടിയിലെ യാത്രയെയാണ്. അതേപോലെ മലയാളത്തിൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ പിന്നെയും പിന്നെയും .. പാട്ട് ഷൊർണൂർ-നിലമ്പൂർ ട്രെയിനിലെ യാത്രയുടെ ഓർമകളാണ് സമ്മാനിക്കുക. മഴയിൽ നനഞ്ഞ ക്ലാരയുടെ പ്രണയം പൂത്തുലഞ്ഞ ഒറ്റപ്പാലം സ്റ്റേഷൻ മലയാളികൾ മറക്കുന്നതെങ്ങനെ?  വെട്ടം, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എത്രയെത്ര ചിത്രങ്ങൾ! താരങ്ങൾക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യം റെയിൽവേ ഇപ്പോൾ ജനകീയവൽക്കരിച്ചു. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും പശ്ചാത്തലമാക്കി സിനിമ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഫോട്ടോയും വീഡിയോയുമെടുക്കാൻ ഇനി സാധിക്കും. റെയിൽവേ അതിന് അനുമതി നൽകിയിരിക്കുകയാണ്. സേവ് ദ ഡേറ്റും റെയിൽവേയുടെ പശ്ചാത്തലത്തിൽ പ്രണയാതുരമായ ചിത്രങ്ങളും പകർത്താനും ഇതിലൂടെ  സാധിക്കും. 


മലയാള സിനിമയിലെ മനോഹരമായ ഗാനങ്ങൾ പിറന്ന റെയിൽവേ സ്റ്റേഷനുകളിൽ ആർക്കും ഇനി ചിത്രങ്ങളെടുക്കാം. ഷൊർണൂർ-നിലമ്പൂർ പാത, പാലക്കാട്-പൊള്ളാച്ചി പാത, കൊല്ലംചെങ്കോട്ട പാത എന്നിവിടങ്ങളിൽ അതിമനോഹരമായ റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ സേവ് ദ ഡേറ്റ് ഒരുക്കാനാവും.  റെയിൽവേക്ക് ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസമാണ് ഈ ഉത്തരവ് നിലവിൽ വന്നത്. ഇതോടെ കേരളത്തിലെ ഏത് സ്റ്റേഷനുകളിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ പകർത്താനാവും. പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ ചിത്രീകരണത്തിന് നിശ്ചിത ഫീസ് അടച്ച് സിനിമ, പരസ്യം, വിവാഹങ്ങൾ എന്നിവ പകർത്താം. ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ ഒക്കെയാവാം. ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ അടിപൊളിയാക്കണമെങ്കിൽ റെയിൽവേക്ക് പണം നൽകിയാൽ മതി. 
റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം.  


ചിത്രീകരണത്തിന് അനുമതിക്കായി വിവാഹ സംഘങ്ങൾക്കോ, വീഡിയോഗ്രഫർമാർക്കോ അപേക്ഷകൾ റെയിൽവേക്ക് സമർപ്പിക്കാം. ചിത്രീകരണത്തിന് ഏഴ് ദിവസം മുമ്പേ വേണമിത്. ഇതുസംബന്ധിച്ച് 2007 ലെ വിജ്ഞാപനമാണ്  റെയിൽവേ പുനഃപ്രസിദ്ധീകരിച്ചത്. 
പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂർ റോഡ് സ്റ്റേഷനുകളിൽ വിവാഹ ആൽബങ്ങളുടെ ഉൾപ്പെടെ ചിത്രീകരണം വർധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയത്. യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസ്സമില്ലാത്ത വിധമാണ് സിനിമ ഉൾപ്പെടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക.
കോഴിക്കോട്, കണ്ണൂർ, ഷൊർണൂർ. കോയമ്പത്തൂർ, പാലക്കാട്, മംഗളൂരു തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വീഡിയോ ചിത്രീകരിക്കാൻ ദിവസം 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വാടക വരും. അക്കാദമിക് ആവശ്യങ്ങൾക്ക് 1500 രൂപ വരെ ചെറിയ വാടകയിൽ ചിത്രീകരിക്കാം. 1500 രൂപ മുതൽ 5000 വരെയാണ് നിശ്ചല ചിത്രങ്ങൾക്കായി നൽകേണ്ടത്. ഇത് ഏകീകൃത സ്വഭാവത്തിലുള്ളതല്ല. വിവിധ സ്റ്റേഷനുകളിൽ പല നിരക്കായിരിക്കും ഈടാക്കുക. ചിത്രീകരണത്തിന് അനുമതിയില്ലാത്ത സ്ഥലങ്ങളുമുണ്ട്. വർക്ക് ഷോപ്പുകൾ, കോച്ച് ഡിപ്പോകൾ, കോച്ചിംഗ് യാർഡുകൾ, റെയിൽപാത എന്നിവിടങ്ങളിൽ ചിത്രീകരണത്തിന് അനുമതിയില്ല.  ഇതിനായി റെയിൽവേ സ്റ്റേഷനുകളെ എക്‌സ്, വൈ, സെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്‌സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന നിരക്കും സെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ കുറഞ്ഞ നിരക്കുമാണുള്ളത്.


എക്‌സ് വിഭാഗത്തിലുള്ള സ്റ്റേഷനുകളിൽ വിവാഹ ഫോട്ടോഗ്രഫി ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ചിത്രീകരണത്തിന് 10,000 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അയ്യായിരം രൂപയും വ്യക്തിപരമായ ആവശ്യത്തിന് 3000 രൂപയുമാണ് നിരക്ക്. വൈ വിഭാഗത്തിൽ ഇത് 5000, 2500, 3500 എന്നിങ്ങനെയും സെഡ് വിഭാഗത്തിൽ ഇത് 3000, 1500, 2500 എന്നിങ്ങനെയുമായിരിക്കും.
 പത്രപ്രവർത്തകർക്കും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള സർക്കാരിതര സംഘടനകൾക്കും നിരക്ക് ബാധകമല്ലെന്ന് ഉത്തരവിൽ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News