ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ഇടിച്ചു; അന്വേഷണത്തിനായി പൈലറ്റുമാരെ മാറ്റിനിര്‍ത്തി

ന്യൂദല്‍ഹി- ഇന്‍ഡിഗോ വിമാനം ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വാല്‍ ഭാഗം റണ്‍വേയിലിയിടിച്ചു. കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന വിമാനം ഐജിഐ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് അപകടം. വിമാനം പരിശോധനക്കും അറ്റകുറ്റപ്പണികള്‍ക്കുമായി നിര്‍ത്തിയിട്ടിരിക്കയാണ്. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്‍ഡിഗോ വിമാനത്തിന്റെ അപകടം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു.
വിമാനത്തിന്റെ വാല്‍ ഭാഗത്തിന്റെ അടിഭാഗം റണ്‍വേയുടെ ഉപരിതലത്തില്‍ സ്പര്‍ശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരിക്കാമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണവിധേയമായി പൈലറ്റുമാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്.  സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.സി.എ അറിയിച്ചു.
ടേക്ക് ഓഫ് ചെയ്യുമ്പോഴോ ലാന്‍ഡിംഗ് ചെയ്യുമ്പോഴോ വിമാനത്തിന്റെ വാല്‍ ഭാഗം നിലത്തോ മറ്റേതെങ്കിലും വസ്തുവിലോ ഇടിക്കാന്‍ സാധ്യതയുണ്ട്.

 

Latest News