പ്രതിപക്ഷ നേതാക്കളെ പിണറായി വിജയന്‍ ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം - പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനായാണ് കെ. സുധാകരനെതിരെ കേസെടുത്ത് പൊറാട്ട് നാടകം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കൊണ്ടൊക്കെ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദന്‍ മാഷും മൂഢസ്വര്‍ഗ്ഗത്തിലാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും കൈക്കൊള്ളുന്നത്. പൊലീസ് അവരുടെ ജോലി മാന്യമായി ചെയ്തില്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും. പാര്‍ട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കലല്ല പൊലീസിന്റെ പണി. തുടര്‍ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തില്‍ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങള്‍ മറുപടി നല്‍കുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല പറഞ്ഞു.

 

Latest News