പുരുഷസുഹൃത്തുമായി തര്‍ക്കം; വിമാനത്താവളത്തില്‍  യുവതിയുടെ ആത്മഹത്യാശ്രമം തടഞ്ഞു

ഹൈദരാബാദ്-ആണ്‍സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, ആണ്‍സുഹൃത്ത് വിഷ്ണുവര്‍ധനുമായുള്ള തര്‍ക്കത്തിന് പിന്നാലെ കടുംകൈക്ക് മുതിര്‍ന്നത്. ഇരുവരും ബെംഗളൂരുവില്‍നിന്ന് ഹൈദരാബാദില്‍ എത്തിയതായിരുന്നു.
തിരിച്ചുള്ള യാത്രയ്ക്കായാണ് വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രാത്രി 11 മണിയോടെ ചില വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ശ്വേത ആത്മഹത്യാ ഭീഷണി മുഴക്കി.
തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറി. റെയിലിങ്ങില്‍നിന്ന് തൂങ്ങിക്കിടന്ന ശ്വേതയെ കണ്ട് ആളുകള്‍ വിമാനത്താവള ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പലരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
റാമ്പില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതോടെ, സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയോട് അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവര്‍ധനും പോലീസ് പ്രത്യേകം കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പറഞ്ഞയച്ചത്.
 

Latest News