കാസർകോട് - കേരളത്തിലെ പ്രബല സമുദായമായ ഈഴവ സമുദായത്തെയും മുസ്‌ലിം സമുദായത്തെയും പാടെ അവഗണിച്ച് സമുദായ സമവാക്യം അട്ടിമറിച്ചാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് ഇറക്കിയതെന്ന് ആക്ഷേപം. രണ്ട് സമുദായങ്ങൾക്കിടയിലും ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 281 പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ കാസർകോട് ജില്ലയിൽ ഈഴവനെയും മുസ്‌ലിമിനെയും പൂർണമായും വെട്ടി. കാസർകോട്, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നി ജില്ലകളിൽ ഒരു മുസ്‌ലിം പ്രസിഡന്റ് പോലും ഉണ്ടായില്ല. കാസർകോട് ജനസംഖ്യയിൽ 37 ശതമാനവും വയനാട്ടിൽ 32 ശതമാനവും മുസ്‌ലിംകളാണ്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളയാളാണ് ഡി.സി.സി പ്രസിഡന്റ്. കാസർകോട് ജില്ലയിൽ ഈഴവ സമുദായത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്. ജില്ലയിൽ കോൺഗ്രസിന് അവഗണിക്കാൻ പറ്റാത്ത സമുദായമാണ് ഈഴവ, തീയ്യ സമുദായം.എന്നിട്ടും വെട്ടിനിരത്തി. 1987 ൽ അന്നുണ്ടായ അഞ്ച് നിയോജക മണ്ഡലം കമ്മിറ്റിയിൽ അഞ്ചിൽ മൂന്ന് പ്രസിഡന്റ് സ്ഥാനവും ഈ സമുദായത്തിന്നായിരുന്നു എന്നാണ് ഈ വിഭാഗം പറയുന്നത്.
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നീ നിയോജക മണ്ഡലങ്ങളിൽ ആണ് തീയ്യ സമുദായത്തിലെ നേതാക്കൾ പ്രസിഡന്റ് ആയത്. 1992 ൽ നിയോജക മണ്ഡലങ്ങളെ ബ്ലോക്കുകളായി വിഭജിച്ചു.10 ബ്ലോക്ക് കമ്മിറ്റികളായി. അതിൽ നാലും തീയ്യരായിരുന്നു പ്രസിഡന്റുമാർ. 1993 ൽ കോടോത്ത് ഗോവിന്ദൻ നായർ ഡി.സി.സി പ്രസിഡന്റായിരുന്നപ്പോൾ 11 പേരാണ് പ്രസിഡന്റക്കം ഭാരവാഹികൾ ഉണ്ടായത്. അതിൽ നാല് സ്ഥാനവും ഈഴവർക്കായിരുന്നു. കെ.വെളുത്തമ്പു, അഡ്വ.സി.കെ.ശ്രീധരൻ ഡി സി സി പ്രസിഡന്റുമാരായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം വർധപ്പിച്ചപ്പോൾ ആറു പേർ ഈ സമുദായത്തിൽ നിന്ന് ഡി.സി.സി ഭാരവാഹികളായി. പി.സി. രാമൻ, കെ.വെളുത്തമ്പു, പി.കെ.രാജൻ, കെ.വി.ഗംഗാധരൻ എന്നിവരായിരുന്നു അന്നത്തെ ഭാരവാഹികളിൽ പ്രമുഖർ. പിന്നീട് ഹക്കീം കുന്നിൽ ഡി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ ആ സ്ഥാനങ്ങൾ തുടർന്നു .കെ.വി.സുധാകരൻ, മാമുനി വിജയൻ, ഗീതാ കൃഷ്ണൻ, ബാലകൃഷ്ണൻ പെരിയ, കെ.പി.പ്രകാശൻ, കരുൺ താപ്പ. ഇവരിൽ ബാലകൃഷ്ണൻ പെരിയ ഇടക്കാലത്ത് കെ.പി.സി.സി സെക്രട്ടറിയായി. ക്രമാതീതമായി ബ്ലോക്ക് പ്രസിഡന്റുമാരിൽ ഈഴവരുടെ എണ്ണം മൂന്നായി ചുരുങ്ങി.
ഇപ്പോൾ പ്രഖ്യാപിച്ചവരിൽ രണ്ട് ഈഴവ ബ്ലോക്ക് പ്രസിഡന്റുമാരാണുള്ളത്. ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾ കോൺഗ്രസിൽ പിടിമുറുക്കുന്നതുകൊണ്ടാണ് പ്രബല സമുദായങ്ങൾക്ക് ഈ അവഗണനയുണ്ടാകുന്നതെന്ന് അണികൾ വിശ്വസിക്കുന്നു.. സാമുദായികവുമായ പരിഗണനകളോടെയാണ് ഭാരവാഹി പട്ടിക തയാറാക്കിയതെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴാണ് സമുദായത്തെ ചിലർക്ക് വേണ്ടി ഒതുക്കുന്നത്. ജില്ല യു.ഡി.എഫിലും ഈ അട്ടിമറിയുണ്ട്. 10 കോൺഗ്രസ് അംഗങ്ങളിൽ കെ.പി.കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, കെ.കെ.രാജേന്ദ്രൻ, അഡ്വ.ഗോവിന്ദൻ നായർ എന്നിവരും പി.എ.അഷ്‌റഫ് അലി, പി.കെ.ഫൈസൽ, ഹക്കീം കുന്നിൽ എന്നിവരും രാജു കട്ടക്കയം ക്രിസ്ത്യൻ സമുദായത്തെയും പ്രതിനിധീകരിക്കുമ്പോൾ ഒരു ഈഴവനെ പോലും പരിഗണിക്കാത്തത് ഈ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈഴവ, മുസ്‌ലിം സമുദായത്തിലെ നേതാക്കളെ പരമാവധി പാർട്ടി നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും ഉചിതമായ സ്ഥാനങ്ങൾ നൽകുന്നതിനും പാർട്ടി തയാറായിട്ടുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നത്.