ഇന്ത്യയുടെ നീക്കത്തിനു തിരിച്ചടി; സാക്കിര്‍ നായിക്കിനെ മലേഷ്യ തിരിച്ചയക്കില്ല

പുത്രജയ- ഇസ്്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം മലേഷ്യ നിരാകരിച്ചു. സ്ഥിരം താമസാനുമതി നല്‍കിയ സാക്കിര്‍ നായിക്കിനെ തിരിച്ചയക്കില്ലന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അറിയിച്ചു. ഭീകരതയെ പിന്തുണച്ചുവെന്നും ഇതര മതങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് സാക്കിര്‍ നായിക്കിനെ വിചാരണക്കായി വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നത്. 2016 ല്‍ ഇന്ത്യവിട്ട അദ്ദേഹത്തിന് മലേഷ്യ സ്ഥിരം താമസാനുമതി നല്‍കുകയായിരുന്നു.
സാക്കിര്‍ നായിക്കിനെ വിട്ടുകുട്ടാന്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ കൈമാറണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നത്.

http://malayalamnewsdaily.com/sites/default/files/2018/07/06/7293019383450394.jpg

മലേഷ്യന്‍ പ്രധാനമന്ത്രി മഹതീര്‍ മുഹമ്മദും ഉപപ്രധാനമന്ത്രി വാന്‍ അസീസയും പുത്രജയയില്‍ വാര്‍ത്താ സമ്മേളനത്തില്‍.

സ്ഥിരം താസമാനുമതി നല്‍കിയതിനാലും രാജ്യത്ത് കുഴപ്പമൊന്നുമുണ്ടാക്കത്തതിനാലും സാക്കിര്‍ നായിക്കിനെ നാടുകടത്താനാവില്ലെന്നാണ് മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയത്. ക്വാലാലംപൂരിനു പുറത്ത് ഭരണ തലസ്ഥാനമായ പുത്രജയയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇന്ത്യയിലെ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്കിര്‍ നായിക്കിനെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം.
മാധ്യമ റിപ്പോര്‍ട്ടുകളും ആരോപണങ്ങളും പൂര്‍ണമായി നിഷേധിക്കുന്ന 52 കാരനായ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ പരിപാടിയില്ലെന്ന് വ്യക്തമാക്കയിട്ടുണ്ട്. ഇന്ത്യയില്‍ നീതിപൂര്‍വകമായ വിചരണ പ്രതീക്ഷിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സാക്കിര്‍ നായിക്കിനെതിരായ വിമര്‍ശം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ബ്രിട്ടനില്‍ പ്രവേശനം അനുവദിക്കില്ലെന്ന് 2010 ല്‍ ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. 2011 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകാരാക്രമണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അല്‍ഖാഇദയല്ല അതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും സാക്കിര്‍ നായിക്ക് 2008 ല്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. 3000 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് അല്‍ഖാഇദയല്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു പ്രചാരണം. ബംഗ്ലാദേശില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പിടിയിലായ യുവാക്കളില്‍ ഒരാള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നുവെന്ന റിപ്പോര്‍ട്ടകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിനെതിരെ ഇന്ത്യയില്‍ നിയമനടപടികള്‍ ആരംഭിച്ചത്.

 

 

Latest News