ഇടുക്കി-അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ശിശു സംരക്ഷണ യൂനിറ്റ്, പോലീസ്, തൊഴില്‍ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് - ശരണ ബാല്യം പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം, ഉടുമ്പന്‍ചോല മേഖലയിലെ തോട്ടങ്ങളില്‍ സംയുക്ത പരിശോധനയും ബോധവത്ക്കരണവും നടത്തി. കുട്ടികളെ തോട്ടം മേഖലയില്‍ ജോലിക്കായി നിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുളള കര്‍മ പദ്ധതികളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിശോധനയില്‍ ബാലവേല കണ്ടെത്തിയില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്യാംപയിന്‍, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പരിശോധനകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ തൊഴില്‍ മേഖലകളില്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ നിഷ വി. ഐ അറിയിച്ചു.






