Sorry, you need to enable JavaScript to visit this website.

പോലീസ് വാദിയെ പ്രതിയാക്കുന്നു: അഡ്വ.തമ്പാന്‍ തോമസ്

കൊച്ചി- സംസ്ഥാനത്ത് പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും അത്തരത്തിലുള്ള പൊലീസിനെതിരെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും മുന്‍ എം.പി അഡ്വ.തമ്പാന്‍ തോമസ്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യത്തെ നിലനിര്‍ത്തിപ്പോരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ പാരമ്പര്യമാണ് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ കാഴ്ചവയ്ക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ചുമതലയാണ് മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ പുറത്തുകൊണ്ടുവന്ന കേസിലാണ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തേണ്ടതെന്നും തെറ്റ് ചൂണ്ടിക്കാണിച്ച അഖിലയ്‌ക്കെതിരേയല്ല കേസെടുക്കേണ്ടതെന്നും വാദിയെ പ്രതിയാക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നതെന്നും തമ്പാന്‍ തോമസ് പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ആരോപിച്ചു. നിയമസഭാ റിപ്പോര്‍ട്ടിങ്ങിനും സെക്രട്ടറിയേറ്റില്‍ കയറുന്നതിനും വരെ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണെന്നും വിനീത വിമര്‍ശിച്ചു.

അഖിലയ്ക്കെതിരായ കേസ് തികച്ചും ജനാധിപത്യവിരുദ്ധ നടപടിയെന്ന് കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചാണ് ഇത്തരത്തില്‍ കേസെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സൂഫി മുഹമ്മദ് നന്ദി പറഞ്ഞു.

 

Latest News