തളിപ്പറമ്പ് - പേരക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുത്തച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിൽ. മുതുകുട സ്വദേശിയും തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസക്കാരനുമായ എഴുപത്തിയഞ്ചു കാരനെയാണ് തളിപ്പറമ്പ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മധ്യവേനലവധി കാലത്താണ് സ്റ്റേഷൻ പരിധിയിലെ ഏഴു വയസുകാരിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോ ക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
അതേസമയം മറ്റ് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഇയാൾ സമാനമായ രീതിയിൽ പീഡിപ്പിച്ചതായ വിവരവും ചൈൽഡ് ലൈൻ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ഈ കുട്ടികളുടെയും മൊഴി തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ രണ്ടു പോക്‌സോ കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് സൂചന നൽകി.






