മുംബൈ-ഫാഷൻ-ഭക്ഷ്യ-റീട്ടെയിൽ മേഖലകളിലെ വമ്പൻ ബ്രാന്റുകൾ ഇന്ത്യൻ വിപണിയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഈ വർഷം രാജ്യത്ത് രണ്ട് ഡസൻ ആഗോള ബ്രാൻഡുകളാണ് പുതിയ സ്റ്റോറുകൾ തുറക്കാൻ തയാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഒട്ടനവധി ബ്രാൻഡുകൾ ഒരുമിച്ച് ഇന്ത്യയിലേക്ക് എത്തുന്നത്. കോവിഡ് കാലത്തിനു ശേഷം ഉൽപന്നങ്ങളുടെ ഉപഭോഗം വർധിച്ച സാഹചര്യത്തിലാണ് വിവിധ കമ്പനികൾ ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുന്നത്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ റോബർട്ടോ കാവല്ലി, ബ്രിട്ടീഷ് ആഡംബര ഉൽപന്ന ബ്രാൻഡായ ഡൺഹിൽ, അമേരിക്കൻ സ്‌പോർട്‌സ് വെയർ ആൻഡ് ഫുട്‌വെയർ റീട്ടെയിൽ സ്ഥാപനമായ ഫുട് ലോക്കർ തുടങ്ങിയ ബ്രാൻഡുകളാണ് ഈ വർഷം ഇന്ത്യയിലെത്തുക. കൂടാതെ, ഇറ്റാലിയൻ കോഫി ശൃംഖലകളായ ലവാസ, അർമാനി കഫെ, യു.എസിലെ ജാംബ തുടങ്ങിയ ബ്രാൻഡുകളും ഈ വർഷം ഇന്ത്യയിൽ സാന്നിധ്യം അറിയിക്കും. 2020 ൽ ഒരു ആഗോള ബ്രാൻഡ് മാത്രമാണ് രാജ്യത്തേക്ക് എത്തിയത്. എന്നാൽ 2021 ൽ മൂന്നായും 2022 ൽ പതിനൊന്നായുമാണ് ഉയർന്നത്.