ചണ്ഡീഗഢ്-കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സർക്കാർ പ്രോൽസാഹനം വർധിപ്പിക്കുന്നു. പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വിൽപന കുറച്ചുകൊണ്ടാണ് സർക്കാർ പുതിയ നയം കൊണ്ടുവരുന്നത്.
പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മുതൽ പെട്രോളിൽ ഓടുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്തലാക്കുമെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളുടെ രജിസ്ട്രേഷൻ ഡിസംബർ മുതലാണ് നിർത്തലാക്കുക. പെട്രോളിയം ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ആദ്യമായാണ് ഒരു നഗരം ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നത്. ഘട്ടം ഘട്ടമായി പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങളെ നഗരത്തിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടി.