കൊച്ചി- കാത്തിരിപ്പുകൾക്ക് ഒടുവിൽ മൺസൂണിന്റെ വരവ് കാർഷിക മേഖലക്ക് കുളിരായി. നാളികേരോൽപന്ന വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിൽ. കാലാവസ്ഥ മാറ്റം അവസരമാക്കി ടയർ കടമ്പനികൾ ഷീറ്റ് വില താഴ്ത്തി. ജാതിക്ക വില കൃത്രിമായി ഇടിച്ചു. കൊക്കോ വരവ് ചുരുങ്ങി. സ്വർണത്തിൽ ചാഞ്ചാട്ടം.
പതിവിലും അൽപം വൈകിയാണെങ്കിലും തെക്ക് പിടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് കാർഷിക മേഖലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. പുതിയ നടീലിനുള്ള തിരക്കിട്ട നീക്കത്തിലാണ് കേരളവും തമിഴ്നാടും കർണാടകവും. വരും ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് ഉയരുമെന്ന നിഗമനത്തിലാണ് കർഷകർ. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ ഖാരീഫ് വിത്തിറക്കാനുള്ള തയാറെടുപ്പിലാണ്. അതേ സമയം പതിവിൽ നിന്നും വ്യത്യസ്തമായി കാലവർഷം ദുർബലാവസ്ഥയിലാണ് കേരളത്തിൽ പ്രവേശിച്ചത്.
മാസങ്ങൾ നീണ്ട വരണ്ടു ഉണങ്ങിയ കാലാവസ്ഥയിൽ മാറ്റം കണ്ടതോടെ വില ഇടിച്ച് റബർ സംഭരിക്കാൻ ടയർ നിർമാതാക്കൾ ശ്രമം തുടങ്ങി. വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണെങ്കിലും മഴയുടെ വരവ് മറയാക്കി വില ഇടിക്കുന്ന പതിവ് തന്ത്രം മെനയുകയാണവർ. റെയിൻഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ ചെറുകിട കർഷകർ കഴിഞ്ഞ ദിവസങ്ങളിൽ പണി തുടങ്ങി.
മധ്യകേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ ടാപ്പിങിന് ഉൽപാദകർ തുടക്കം കുറിച്ചു. വെട്ട് തുടങ്ങിയ പല തോട്ടങ്ങളിലും പാൽ ലഭ്യത പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. പത്ത് ഷീറ്റിനുള്ള പാൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഉൽപാദനം പകുതി മാത്രമായിരുന്നു. സ്വന്തമായി റബർ വെട്ടുന്ന കർഷകർക്ക് ഇത് കാര്യമായ പ്രതിസന്ധി ഉളവാക്കി. എന്നാൽ വെട്ടുകൂലി നൽകിയുള്ള ടാപ്പിങ് ആദായകരമാവില്ല.
മഴ ശക്തമാകുന്നതിനൊപ്പം അന്തരീക്ഷ താപനില കുറയുന്നതിനൊത്ത് മരങ്ങൾ കൂടുതൽ പാൽ ചുരുത്തുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടയിൽ വ്യവസായികൾ ഒട്ടുപാൽ 8900 രൂപക്കും ലാറ്റക്‌സ് 11,400 രൂപക്കും ശേഖരിച്ചു. ഷീറ്റ് ക്ഷാമത്തിനിടയിലും ടയർ കമ്പനികൾ നാലാം ഗ്രേഡിന് 15,500 ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 14,600þ-15,200 ൽ വ്യാപാരം നടന്നു
പാക്കറ്റ് നിർമാതാക്കൾ ഭക്ഷ്യയെണ്ണ വില കുറക്കണമെന്ന കേന്ദ്ര ഉത്തരവിൽ പാചകയെണ്ണ വിലകൾ ഇടിയുന്നു. ഭക്ഷ്യ മന്ത്രാലയം നാണയപ്പെരുപ്പം നിയന്ത്രിക്കാൻ സ്വീകരിച്ച നിലപാട് ഉപഭോക്താവിന് ആശ്വാസമായി. അതേസമയം തീരുമാനം എണ്ണക്കുരു കർഷകരെ പ്രതിസന്ധിയിലുമാക്കി. രാജ്യാന്തര ഭക്ഷ്യയെണ്ണ വിലകൾ ഇടിഞ്ഞ സാഹചര്യത്തിലാണ് കിലോ എട്ട് മുതൽ പന്ത്രണ്ട് രൂപ വരെ പാക്കറ്റ് നിർമാതാക്കൾ അടിയന്തരമായി കുറക്കാൻ ഉത്തരവ് ഇറക്കിയത്.
പിന്നിട്ട വാരത്തിന്റെ ആദ്യ പകുതിയിൽ നാളികേരോൽപന്ന വില സ്റ്റെഡിയായിരുന്നു. ഇതിനിടയിൽ മില്ലുകാർ കൊപ്ര സംഭരണത്തിൽ നിന്നും പിൻവലിഞ്ഞതോടെ നിരക്ക് ഇടിഞ്ഞു. കൊച്ചിയിൽ കൊപ്രയ്ക്ക് 200 രൂപ കുറഞ്ഞ് 7800 രൂപയായി. വെളിച്ചെണ്ണ വില 12,500 രൂപയായി. കാങ്കയത്ത് കൊപ്ര 7500 ലും എണ്ണ 10,675 ലുമാണ്.
ജാതിക്ക, ജാതിപത്രി തുടങ്ങിയവക്ക് ഗൾഫ് മേഖലയിൽ നിന്നും അന്വേഷണങ്ങളെത്തി. ഉത്തരേന്ത്യയിൽ നിന്നും ഉൽപന്നത്തിന് ആവശ്യക്കാരുണ്ട്. സീസണായതിനാൽ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്കുവരവ് ഉയർന്ന തക്കത്തിന് വില കൃത്രിമായി ഇടിക്കാൻ മധ്യകേരളത്തിലെ ചില വ്യാപാരികൾ ചരടുവലി നടത്തി. ഉൽപന്ന വില യാതൊരു മാനദണ്ഡവുമില്ലാതെ കുത്തനെ ഇടിഞ്ഞതായി പ്രചരിപ്പിച്ച് കർഷകരിൽ നിന്നും ചരക്ക് തട്ടിയെടുത്തതായി ആക്ഷേപം ഉയർന്നു.
ഔഷധ വ്യവസായികളും മസാല നിർമാതാക്കളും കയറ്റുമതിക്കാരും ചരക്കിനായി കാത്തുനിന്ന അവസരത്തിലാണ് ഡിമാന്റ് മങ്ങിയെന്ന് പറഞ്ഞ് വില കൃത്രിമമായി ഇടിച്ചത്. മധ്യകേരളത്തിൽ ഉയർന്ന അളവിൽ ചരക്ക് വിൽപനക്ക് എത്തുന്നുണ്ട്. മികച്ചയിനം ജാതിക്കായ കിലോ 310 രൂപയിലും ജാതിപ്പരിപ്പ് 510 രൂപയിലുമാണ്.
ഹൈറേഞ്ചിലും മറ്റു ഭാഗങ്ങളിലും കൊക്കോ വിളവെടുപ്പ് പുർത്തിയായതോടെ ചരക്ക്ുവരവ് കുറഞ്ഞു. ചോക്കളേറ്റ് വ്യവസായികളിൽ നിന്നു ശക്തമായ ഡിമാന്റുള്ളതിനാൽ ഇക്കുറി മെച്ചപ്പെട്ട വില കർഷകർക്ക് ഉറപ്പ് വരുത്താനായി. മികച്ചയിനങ്ങൾ കിലോ 230 രൂപയിൽ കൈമാറി.
കുരുമുളകിന് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റ് മങ്ങി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 50,800 രൂപയിലും അൺ ഗാർബിൾഡ് 48,800 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6300 ഡോളർ.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം ചാഞ്ചാടി. 44,240 രൂപയിൽ വിപണനം തുടങ്ങിയ പവൻ പിന്നീട് രണ്ട് മാസത്തിനിടയിലെ താഴ്ന്ന നിരക്കായ 44,160 ലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 44,480 രൂപയായി ഉയർന്നു. ശനിയാഴ്ച പവൻ 44,400 രൂപയിലാണ്.