മൺസൂൺ മഴമേഘങ്ങളുടെ വരവിനിടയിൽ കേന്ദ്ര ബാങ്ക് വിപണിക്ക് മേൽ കുട ചൂടിയത് സൂചികയുടെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കും. പ്രതീക്ഷ പോലെ തന്നെ പലിശ സ്റ്റെഡിയായി നിലനിർത്തിയ പ്രഖ്യാപനം നിക്ഷേപകരെ പുതിയ ബാധ്യതകൾക്ക് പ്രേരിപ്പിച്ചത് മൂന്നാം വാരവും ഇന്ത്യൻ മാർക്കറ്റിന് കരുത്തായി. ബോംബെ സെൻസെക്‌സ് 437 പോയന്റും നിഫ്റ്റി സൂചിക 128 പോയന്റും കയറി. മുന്നാഴ്ചകളിൽ ഇവ യഥാക്രമം 13,52,455 പോയന്റ് ഉയർന്നു. ബാങ്ക് നിഫ്റ്റിയും മികവ് നിലനിർത്തി.
സെൻസെക്‌സിന് 63,321 ലെ പ്രതിരോധത്തിൽ കാലിടറി. കഴിഞ്ഞ വാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ ഈ തടസ്സം തകർക്കാൻ സൂചികക്കായില്ല. 62,547 ൽ നിന്നുള്ള കുതിപ്പിൽ സെൻസെക്‌സ് 62,934 ലെ ആദ്യ പ്രതിരോധം തകർത്തത് ആഭ്യന്തര വിദേശ ഫണ്ടുകളിൽ നിന്നുള്ള പണപ്രവാഹം ഉയർത്തി.
ഇതിനിടയിൽ സെൻസെക്‌സ് 63,321 ൽ എത്തിയ അവസരത്തിൽ ആർ.ബി.ഐയിൽ നിന്നും പലിശ സ്റ്റെഡിയായി തുടരുമെന്ന പ്രഖ്യാപനം ബാങ്കിംഗ് മേഖലക്ക് അനുകൂലമായ നീക്കമുണ്ടാവുമെന്ന കാര്യം കഴിഞ്ഞ വാരം സൂചിപ്പിച്ചത് പൂർണമായി ശരിവെക്കുകയായിരുന്നു. കേന്ദ്ര ബാങ്കിൽ നിന്നുള്ള അനുകൂല വാർത്തകൾക്കിടയിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചതോടെ വെളളിയാഴ്ച 62,594 ലേക്ക് സാങ്കേതിക തിരുത്തലിന് കാഴ്ചവെച്ച ശേഷം വാരാന്ത്യ ക്ലോസിങിൽ 62,984 പോയന്റിലാണ്.
ഈ വാരം ആദ്യ പകുതിയിൽ മുൻനിര ഓഹരികളിലെ ലാഭമെടുപ്പിനുള്ള സാധ്യതകൾ ഒരു കൺസോളിഡേഷന് അവസരം ഒരുക്കാം. അതേസമയം ലാഭമെടുപ്പ് വിൽപന സമ്മർദമായാൽ 62,582 ലെ സപ്പോർട്ട് തകർന്ന് സൂചിക 62,184 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് വിധേയമാകാം. ഫണ്ടുകളുടെ തിരിച്ചുവരവ് സെൻസെക്‌സിനെ 63,352 - 63,573 ലേക്കും വാരാവസാനം ഉയർത്താം. ഈ പ്രതിരോധം തകർന്നാൽ സൂചിക 63,720 - 64,250 നെ ലക്ഷ്യമാക്കും.
നിഫ്റ്റി 18,534 പോയന്റിൽ നിന്നുളള ബുൾ റാലിയിൽ സൂചിക 18,750 ലെ പ്രതിരോധം വ്യാഴാഴ്ച ഇടപാടുകളുടെ ആദ്യ പകുതിയിൽ മറികടന്ന് 18,777 വരെ സഞ്ചരിച്ചു. പ്രതിരോധ മേഖല മറികടന്നതോടെ ഓവർ ഹീറ്റായി മാറിയെന്ന് മനസ്സിലാക്കി ഓപറേറ്റർമാർ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഒരുങ്ങിയതിതും നിക്ഷേപകർ ലാഭമെടുപ്പിന് മത്സരിച്ചതും സൂചിക 18,555 ലേക്ക് തളർത്തിയെങ്കിലും വാരാന്ത്യം 18,662 പോയന്റിലാണ്. ഈ വാരം 18,536 - 18,410 ലെ സപ്പോർട്ട് നിലനിർത്താനുള്ള ശ്രമം വിജയിച്ചാൽ 18,782 ലേക്ക് തിരിച്ചുവരവ് നടത്തും. സൂചിക ലക്ഷ്യമിടുന്നത് 18,888-18,902 നെയാണ്.
നിഫ്റ്റിയുടെ പ്രതിദിന ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്‌സ്, സ്ലോ സ്റ്റോക്കാസ്റ്റിക്‌സ് തുടങ്ങിയവ ഒരു പുൾബാക്ക് റാലിക്കുള്ള സൂചന നൽകുന്നു. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സെൽ പ്രഷർ കുറയാൻ ഇടയുള്ളതിനാൽ വ്യാഴാഴ്ച രണ്ടാം പകുതിയിൽ നിഫ്റ്റിയിൽ ഉണർവ് പ്രതീക്ഷിക്കാം. താഴ്ന്ന റേഞ്ചിൽ വിപണിയിൽ പ്രവേശിക്കാൻ ലക്ഷ്യമിടുന്നവർക്ക് ഇത് അവസരമായി മാറും.
വാരമധ്യം നടക്കുന്ന യു.എസ് ഫെഡ് റിസർവ് യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾക്ക് ഇടയുണ്ട്. യൂറോപ്യൻ സെൻട്രൽ ബാങ്കും ബാങ്ക് ഓഫ് ജപ്പാനും അവരുടെ പലിശ നിരക്ക് വാരാവസാനം പ്രഖ്യാപിക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ നിഫ്റ്റി സൂചിക സർവകാല റെക്കോർഡ് പ്രകടനങ്ങൾ കാഴ്ചവെക്കാം.
വിദേശ ഫണ്ടുകൾ ഈ മാസം 9788 കോടി രൂപയുടെ ഓഹരികൾ വാങ്ങി.നടപ്പ് വർഷം അവരുടെ മൊത്തം നിക്ഷേപം 39,047 കോടി രൂപയായി. പിന്നിട്ട വാരം അവർ 961 കോടിയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ മൂന്ന് ദിവസങ്ങളിലായി 2834 കോടി നിക്ഷേപിച്ചപ്പോൾ രണ്ട് ദിവസങ്ങളിൽ അവർ 894 കോടിയുടെ ഓഹരികൾ വിറ്റു. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ്. വിനിമയ നിരക്ക് 82.33 ൽനിന്നും നേരിയ റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാന്ത്യം 82.42 ലാണ്.