നാൽപത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആമസോൺ മഴക്കാട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയൻ പ്രസിഡന്റ് ലോകത്തെ അറിയിച്ചിരിക്കുന്നു. കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ സന്ദർശനം നടത്തിയ, ഗസ്താവോ പെട്രോ രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധ സംഘടനകളെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിച്ചു. ഒന്നിച്ചു നിന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നൽകുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും ഗറില പോരാട്ടങ്ങളുടെ നാടിന്റെ പ്രസിഡന്റ് ഓർമപ്പെടുത്തുന്നുണ്ട്.
കൊളംബിയയിൽ വിമാനം തകർന്ന് ആമസോൺ മഴക്കാട്ടിൽ കാണാതായ നാല് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയെന്ന ഏറെ ആശ്വാസകരമായ വാർത്ത അറിഞ്ഞാണ് ശനിയാഴ്ച ലോകം ഉണർന്നത്- അതെ, തെക്കെ അമേരിക്കയിലെ 8 രാജ്യങ്ങളിലും ഫ്രാൻസിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാനയിലുമായി വ്യാപിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകളുടെ വിസ്തൃതി 67 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഈ കാട്ടിൽ ഇല്ലാത്ത വന്യജീവി വർഗങ്ങൾ ഇല്ല.
ചെറുപ്രാണികൾ പോലും അപകടകാരികൾ. അപകടം നടന്ന് നാൽപതാം ദിനമാണ് കൊളംബിയൻ സൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചിൽ ലക്ഷ്യം കണ്ടത്. മൂത്ത കുട്ടി ലെസ്ലിക്ക് പ്രായം 13, ഒമ്പത് വയസ്സുള്ള സൊലെയ്നി, നാല് വയസ്സുള്ള ടിയെൻ, കാണാതാകുമ്പോൾ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിൻ. ഇവരാണ് ലോകത്തിന് ഒരു പാട് നല്ല പാഠങ്ങൾ പഠിപ്പിച്ചു തന്ന ആ അദ്ഭുത കുഞ്ഞുങ്ങൾ.
എത്രമാത്രം ആത്മാർഥത നിറഞ്ഞതായിരുന്നു സൈനികരുടെ രക്ഷാദൗത്യമെന്നതിന് കൊളംബിയൻ സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ പെഡ്രോ സാഞ്ചസിന്റെ ഇടപെടൽ തെളിവായി അവശേഷിക്കുന്നു.
വൈക്കോൽ കൂനയിൽ നിന്ന് സൂചിയെ അല്ല നമ്മൾ തേടുന്നത്, വലിയൊരു പരവതാനിയിൽ നിന്ന് തീരെ ചെറിയൊരു ജീവിയെയാണ്. ആ കുട്ടികൾ മരിച്ചിരുന്നെങ്കിൽ മൃതദേഹങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കുമായിരുന്നു. അവർ ഇപ്പോഴും സഞ്ചരിക്കുകയാണ്. അതിനർഥം അവർ ജീവനോടെ ഉണ്ടെന്നാണ്. സഹപ്രവർത്തകർക്കും ലോകത്തിനും പ്രചോദനമായ ആ വാക്കുകൾ ശരിയായിരുന്നുവെന്നറിയാൻ വെള്ളിയാഴ്ച വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് വൈകുന്നേരം അഞ്ച് മണിയോടടുത്ത് സൈനിക റേഡിയോ ചെറിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ടിരുന്നു- അദ്ഭുതം.., അദ്ഭുതം. അതെ , മനുഷ്യൻ ഇനിയും എന്തെല്ലാം അദ്ഭുതങ്ങൾ കാണാനിരിക്കുന്നു. അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചത്തിലെവിടെയോ ഇരിക്കുന്ന നിസ്സാരനായ മനുഷ്യൻ ഇവയോരൊന്നും കാണുമ്പോൾ തോന്നിയതു പോലെ വ്യാഖ്യാനിക്കുന്നു.
'ഈ കുട്ടികൾ ചരിത്രത്തിലേക്കിതാ അപൂർവമായൊരു അതിജീവന കഥ എഴുതിയിരിക്കുന്നു.'...എന്നായിരുന്നു ലോകത്തിന്റെ മനസ്സിനൊപ്പം നിന്ന് ആ നാടിന്റെ പ്രസിഡന്റ് ആവേശപൂർവം പറഞ്ഞത്.
മനുഷ്യ ബന്ധങ്ങളുടെ, കരുതലിന്റെ, ശ്രദ്ധയുടെ, അതിജീവന സാധ്യതകളുടെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളാണ് ഒട്ടും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത, സംഘട്ടനമൊഴിയാത്ത ആ നാട് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്.
ആമസോൺ കാടുകളുടെ വനഭീകരത അറിയാത്തവരുണ്ടാവില്ല. വായിക്കുമ്പോഴും കേൾക്കുമ്പോഴും ആരും പേടിച്ചു പോകുന്ന ഇടം. അങ്ങനെയൊരു കാട്ടിലെ 323 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരുന്നു നിരീക്ഷണം.
അത്രയം ചുറ്റളവിൽ കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ അവരുടെ മുത്തശ്ശിയുടെ സ്വരം റെക്കോർഡ് ചെയ്ത് മെഗാഫോണിൽ കേൾപ്പിച്ചുകൊണ്ട് ഹെലികോപ്റ്റർ അവിടമാകെ പറന്നു നടന്നിരുന്നു. ആ കുഞ്ഞുങ്ങളോരോന്നിന്റെയും പേര് ചൊല്ലി ആ മുത്തശ്ശിയുടെ വിളി ആ കുഞ്ഞുങ്ങൾ കേട്ടിരിക്കുമോ? എങ്ങനെയായിരിക്കും ആ മുത്തശ്ശി മെഗാഫോണിൽ തന്റെ പൊന്നോമനകളെ വിളിച്ചിട്ടുണ്ടാവുക? മലയാളിയെ, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയുടെ ചിത്രം വീണ്ടും ഓർമിപ്പിക്കുന്ന രംഗം. മനുഷ്യപ്പറ്റുള്ളവരുടെ മനസ്സിലേ ഇത്തരം ആശയങ്ങൾ വരികയുള്ളൂ.
ലോകത്തിന് മുന്നിൽ പ്രത്യാശയുടെ സന്ദേശം ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നതാണ് കൊളംബിയയിൽ നിന്നുള്ള ആ നല്ല വാർത്ത. സങ്കടവും നിരാശയും നിറയുന്ന വാർത്തകൾ മാത്രം കേൾക്കുന്ന പുതുകാലത്ത് തട്ടിപ്പുകാരും കള്ളന്മാരും ജനങ്ങൾക്ക് മേൽ വിജയക്കൊടി ഉയർത്തുന്ന ഘട്ടത്തിൽ കേരളത്തിൽ പോലും ഈ കൊളംബിയൻ ഗാഥ നന്മ നിറഞ്ഞ മനസ്സുകൾക്ക് ആവേശം പകരും. രക്ഷാദൗത്യത്തിലെ ആത്മാർഥത എത്രമാത്രമായിരുന്നുവെന്ന് അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
റോഡ് മാർഗം സഞ്ചാരം പോലും സാധ്യമല്ലാത്ത ഘോരവനത്തിലെ 40 ദിനരാത്രങ്ങൾ അവരെ ആരെയും നിരാശപ്പെടുത്തിയില്ല. സൈനികർക്കൊപ്പം നല്ല കാടറിവുള്ള ഗോത്രവിഭാഗങ്ങളും രക്ഷാസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സംഘത്തിന്റെ ഹൃദയ നൈർമല്യത്തിന് മുന്നിൽ ഇന്ത്യയുടെ ഇരട്ടി വിസ്തൃതിയുള്ള മഹാവനത്തിന്റെ ഭീകരത അലിഞ്ഞില്ലാതായിപ്പോയി. ഹൃദയ ശുദ്ധിയോടെയുള്ള ഏത് ദൗത്യവും വിജയിക്കുക തന്നെ ചെയ്യും. ലോകം എല്ലാ കാലത്തും വാസയോഗ്യമായ ഇടം തന്നെയാണ്. അങ്ങനെയല്ലാതാക്കുന്നത് പരിഷ്കൃതരെന്ന് വെറുതെ നടിക്കുന്ന മനുഷ്യരാണ്.






