Sorry, you need to enable JavaScript to visit this website.

നിഹാലിനെ ആക്രമിച്ചത് നിരവധി  നായകള്‍ ചേര്‍ന്നെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

തലശ്ശേരി-തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. കുട്ടിയുടെ ശരീരമാസകലം നായകള്‍ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്മയില്‍ നിഹാല്‍ നൗഷാദിനെ (11) ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനില്‍ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരൂ.
പ്രദേശത്തെ ജനപ്രതിനിധികളടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തെരുവുനായകളുടെ ശല്യം പ്രദേശത്ത് വ്യാപകമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അല്‍സമയത്തിനകം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നേക്കുമെന്നാണ് വിവരം.
കാണാതായ കുട്ടിക്കുവേണ്ടി ഞായറാഴ്ച വൈകിട്ടുമുതല്‍ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, കുഞ്ഞിനെ ആക്രമിക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്. കുട്ടിയെ കണ്ടെത്താന്‍ എടക്കാട് പോലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു.

Latest News