പിണറായിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂര്‍-തലശേരി പിണറായിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.ശനിയാഴ്ച രാത്രിയില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
2023 ഏപ്രില്‍ രണ്ടിനാണ് ഫിറ്റ്‌നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്.  മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News