പാര്‍ട്ടിയില്‍ പുരുഷാധിപത്യത്തോട്  പോരാടേണ്ടി വരുന്നു- കെ.കെ. ശൈലജ

ചെന്നൈ-കമ്യൂണിസ്റ്റ് പാര്‍ട്ടി തുല്യതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പുരുഷാധിപത്യത്തിനെതിരേ പോരാട്ടംനടത്തേണ്ടിവരുന്നുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സമൂഹത്തില്‍ വലിയൊരു വിഭാഗത്തിനും പുരുഷാധിപത്യ മനോഭാവമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവസരം വേണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ട്. തിരുത്തല്‍നടപടികള്‍ക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് പ്രകൃതി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കയായിരുന്നു കെ.കെ. ശൈലജ.
സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവം മാറണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ മുന്നോട്ടുവരണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്. നൈറ്റ് വാക്ക് എന്ന പേരില്‍ രാത്രിയില്‍ സ്ത്രീകള്‍ നിരത്തിലൂടെ നടക്കുന്ന പരിപാടി നടത്തിയപ്പോള്‍ 'നിങ്ങള്‍ക്ക് ഉറക്കമില്ലേ' എന്ന ചോദ്യമുണ്ടായി. എല്ലാവരെയുംപോലെ ഞങ്ങള്‍ക്കും ഉറങ്ങണം. എന്നാല്‍, പകല്‍പോലെ രാത്രിയും സ്ത്രീകള്‍ക്കുകൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു പരിപാടി നടത്തിയത്.
നാടുവാഴിത്തവും മുതലാളിത്തവും സ്ത്രീവിരുദ്ധമാണ്. നാടുവാഴിത്തത്തില്‍ സ്ത്രീകളെ അടിമകളായി കാണുമ്പോള്‍ മുതലാളിത്തത്തില്‍ സ്ത്രീകളെ വിപണനവസ്തുവായി കാണുന്നു. ഇന്ത്യയില്‍ നാടുവാഴിത്തവും മുതലാളിത്തവും ഒരുമിച്ച് സഞ്ചരിക്കുകയാണെന്നും ശൈലജ പറഞ്ഞു. കോവിഡ് കാലത്ത് കേരള ആരോഗ്യമന്ത്രിയായി നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചും വിവരിച്ചു.
ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എം.പി. പുസ്തകം പ്രകാശനംചെയ്തു. മദ്രാസ് ഹൈക്കോടതി മുന്‍ജഡ്ജി പ്രഭാ ശ്രീദേവന്‍, പുസ്തകത്തിന്റെ സഹരചയിതാവ് മഞ്ജു സാറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News