തെരുവു നായ്ക്കള്‍ കടിച്ചു കീറുമ്പോഴും കുഞ്ഞു നിഹാലിന് ഒന്ന് നിലവിളിക്കാന്‍ പോലുമായിട്ടുണ്ടാകില്ല....

കണ്ണൂര്‍ - തെരുവു നായ്ക്കള്‍ കടിച്ചു കീറുമ്പോഴും ഒന്ന് ഉറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെയാണ് ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടമായിട്ടുണ്ടാകുക. കണ്ണൂരിലെ മുഴുപ്പിലങ്ങാട് തെരുവു നായ്ക്കള്‍ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ ജീവനറ്റ ശരീരം കണ്ടെത്തുമ്പോള്‍ അരയ്ക്ക് താഴെ കടിച്ചു പറിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. തെരുവു നായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണമാണ് നിഹാല്‍ നേരിട്ടത്. ഓട്ടിസം ബാധിതനായ കുട്ടിയായതിനാലും സംസാരശേഷി കുറവായതിനാലും  ഒന്നുറക്കെ ഉമ്മയെ വിളിക്കാന്‍ പോലും ആ കുഞ്ഞിന് കഴിഞ്ഞിട്ടുണ്ടാകില്ല. നിഹാലിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരാകെ. തെരുവു നായ്ക്കള്‍ വികൃതമാക്കിയ കുഞ്ഞു ശരീരം കണ്ടവര്‍ സഹിക്കാനാകാതെ കണ്ണു പൊത്തിക്കളയുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തി, ഊഞ്ഞാലാടുന്നതിനിടയില്‍ നായ്ക്കള്‍ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയില്‍ നിഹാലിനെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്. വീട്ടുകാരുടെ കണ്ണു തെറ്റിയാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പൊയ്ക്കളയും. ഇതിന്  മുന്‍പും നിഹാലിനെ പല തവണ കാണാതായിട്ടുണ്ട്. അപ്പോഴെല്ലാം നാട്ടുകാരാണ് തിരികെ വീട്ടിലെത്തിക്കാറുള്ളത്. നിഹാലിനെ കാണുന്നില്ലെന്ന് പറഞ്ഞ് ഇന്നലെ വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്നാണ് അയല്‍വാസികളെല്ലാം കരുതിയത്. എന്നാല്‍ തെരുവു നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ നിഹാലിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഹൃദയം നുറുങ്ങിയ അവസ്ഥയിലായിരുന്നു വീട്ടുകാരം നാട്ടുകാരും. അതിന്റെ ഞെട്ടലില്‍ നിന്ന് അവര്‍ ഇപ്പോഴും മുക്തരായിട്ടില്ല.
നിഹാലിന്റെ പിതാവ് നൗഷാദ് ബഹ്‌റൈനിലാണ് ജോലി ചെയ്യുന്നത്. പൊന്നുമോന്റെ ദുരന്തമറിഞ്ഞഅ നൗഷാദ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Latest News