മുംബൈ- പണ്ഡർപൂരിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വാർക്കാരി ഭക്തർക്ക് നേരെ മഹാരാഷ്ട്ര പോലീസ് ലാത്തിവീശി. പൂനെ ജില്ലയിലാണ് സംഭവം. കൃഷ്ണന്റെ ഒരു രൂപമായ വിഠോബ ഭഗവാന്റെ ഭക്തരായ വാർക്കാരികൾ സംസ്ഥാനത്ത് പോലീസ് നടപടിക്ക് വിധേയരാകുന്നത് ഇതാദ്യമാണ്. ഘോഷയാത്രയ്ക്കിടെ ഭക്തർ പോലീസുമായി തർക്കത്തിലേർപ്പെട്ടുവെന്നാണ് സൂചന. പൂനെ നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള അലണ്ടി പട്ടണത്തിലെ ക്ഷേത്രത്തിൽ ഒരു ചടങ്ങിനായി ഭക്തർ പ്രവേശിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ നേരിയ ലാത്തിച്ചാർജ്ജ് നടത്തിയതായി പോലീസ് അറിയിച്ചു. 75 അംഗങ്ങൾക്ക് മാത്രമേ പരിസരത്ത് പ്രവേശനം അനുവദിക്കൂ എന്നാണ് ചട്ടം. എന്നാൽ പകരം 400 ഓളം പേർ ബലം പ്രയോഗിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, ലാത്തിച്ചാർജ് നടത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. ഇത് ചെറിയ സംഘർഷമാണെന്നും വാർക്കാരി സമുദായത്തിന് നേരെ ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നും ഫഡ്നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഉണ്ടായ തിക്കിലും തിരക്കിലും നിന്ന് ഞങ്ങൾ പഠിക്കുകയും വിവിധ ഗ്രൂപ്പുകൾക്ക് കുറച്ച് എൻട്രി പാസുകൾ നൽകാൻ ശ്രമിക്കുകയും ചെയ്തു. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഓരോ ഗ്രൂപ്പിനും 75 പാസുകൾ നൽകാൻ തീരുമാനിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു. 'അവർ ബാരിക്കേഡുകൾ തകർത്തു, പോലീസ് അവരെ തടയാൻ ശ്രമിച്ചു, ഇതിനിടെ ചില പോലീസുകാർക്ക് പരിക്കേറ്റു,' ഫഡ്നാവിസ് പറഞ്ഞു.
ലാത്തിചാർജ്ജിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 'അയ്യോ.. ഹിന്ദുത്വ സർക്കാരിന്റെ ഭാവങ്ങൾ തുറന്നുകാട്ടി.. മുഖംമൂടി അഴിഞ്ഞുവീണു. ഔറംഗസേബ് എങ്ങനെ വ്യത്യസ്തമായി പെരുമാറി? മഹാരാഷ്ട്രയിൽ മുഗളന്മാർ പുനർജന്മം ചെയ്തു,' എന്നായിരുന്നു ശിവസേനയുടെ മുതിർന്ന എംപി സഞ്ജയ് റാവത്തിന്റെ ട്വീറ്റിന്റെ ഏകദേശ പരിഭാഷ.
ശ്രീ ക്ഷേത്ര ആലണ്ടിയിൽ വാർക്കാരി സഹോദരങ്ങളെ പോലീസ് ലാത്തി വീശിയ രീതി അതിരൂക്ഷമാണ്. വാർക്കാരി വിഭാഗത്തിന് അടിത്തറ പാകിയ മഹാനായ സന്യാസി ജ്ഞാനേശ്വർ മഹാരാജിന്റെ സാന്നിധ്യത്തിൽ വാർക്കാരികളോടുള്ള ഈ അപമാനം അങ്ങേയറ്റം അപലപനീയമാണ്. വാർക്കാരി വിഭാഗത്തോട് സർക്കാരിന് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ ഇല്ലയോ? എന്നും എൻസിപിയുടെ ചഗ്ഗൻ ഭുജ്ബൽ ട്വീറ്റ് ചെയ്തു.