റിയാദ് - അഞ്ചു ദിവസത്തിനിടെ വിവിധ പ്രവിശ്യകളില്‍ നിന്ന് പട്രോള്‍ പോലീസ് 3,204 ക്രിമിനല്‍ കേസ് പ്രതികളെ അറസ്റ്റ് ചെയ്തു. അഞ്ചു ദിവസത്തിനിടെ ആകെ 9,973 പേരെയാണ് പട്രോള്‍ പോലീസ് പിടികൂടിയത്. ഇതില്‍ 3,204 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായിരുന്നു. കവര്‍ച്ച, പിടിച്ചുപറി, മയക്കുമരുന്ന് വിതരണം, മദ്യ വിതരണം എന്നീ കേസുകളില്‍ പ്രതികളാണിവര്‍. കുറ്റവാളികളും നിയമ ലംഘകരുമെന്ന് സംശയിച്ച് 6,057 പേരെയും മറ്റു നിയമ ലംഘനങ്ങള്‍ക്ക് 712 പേരെയും അഞ്ചു ദിവസത്തിനിടെ പട്രോള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മോഷണം പോയ 203 വാഹനങ്ങളും കേസുകളുമായി ബന്ധപ്പെട്ട് അന്വേഷിച്ചുവന്ന 189 വാഹനങ്ങളും സംശയിച്ച് 599 വാഹനങ്ങളും ഉടമസ്ഥാവകാശ രേഖയില്ലാത്ത 398 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങള്‍ ലംഘിച്ചതിന് 239 വാഹനങ്ങളും അഞ്ചു ദിവസത്തിനിടെ പട്രോള്‍ പോലീസ് പിടിച്ചെടുത്തു. ഇക്കാലയളവില്‍ 1,573 കുപ്പി മദ്യവും 22 കന്നാസ് മദ്യവും 18 വീപ്പ മദ്യവും 49 കിലോ ഹഷീഷും 666 ലഹരി ഗുളികകളും 100 ലേറെ തോക്കുകളും 574 വെടിയുണ്ടകളും പട്രോള്‍ പോലീസ് പിടികൂടി.






