ബംഗളൂരു- മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ച് പ്രണയിച്ചുവെന്ന പരാതിയുമായി യുവതി പോലീസില്‍ പരാതി നല്‍കി. ഇക്കാര്യം മനസ്സിലാക്കി ബന്ധത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് തനിക്കും കുടുംബാംഗങ്ങള്‍ക്കും യുവാവില്‍നിന്ന് ഭീഷണിയുണ്ടെന്നും യുവതി
ഹെബ്ബഗോഡി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതയില്‍ പറയുന്നു. ഇലക്ട്രോണിക്‌സ് സിറ്റിയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
പ്രതിയെ പിന്തുണച്ച് തന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ശല്യം ചെയ്യുകയാണെന്ന മറ്റൊരു പരാതി ഔഡുഗോഡി പോലീസ് സ്‌റ്റേഷനിലും യുവതി നല്‍കിയിട്ടുണ്ട്.
ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശി അല്‍ മെഹഫുസ് ബരാപോയക്കെതിരെയാണ് പരാതി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി പരാതിയില്‍ ആരോപിച്ചു.
കോറമംഗലയില്‍ താമസിക്കുന്ന പ്രതി താന്‍ ക്രിസ്ത്യാനിയും മെല്‍വിന്‍ ആണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. പ്രണയത്തിലായ ശേഷം ആധാര്‍ കാര്‍ഡ് കണ്ടപ്പോഴാണ് യഥാര്‍ത്ഥ പേരും മതവും മനസ്സിലായതെന്നും അതിനുശേഷം യുവാവുമായി പിരിഞ്ഞുവെന്നും യുവതി പറയുന്നു.
സംഭവത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം തന്റെ വീട്ടുകാര്‍ ഒപ്പം നിന്നെങ്കിലും പ്രതികള്‍ ഉപദ്രവിക്കുകയാണെന്ന് പരാതിയില്‍ പറഞ്ഞു. രാത്രി വീട്ടിലെത്തി ബഹളം വെച്ച യുവാവ് തന്നെയും കുടുംബാംഗങ്ങളെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തനിക്കെതിരെ പരാതി നല്‍കിയെന്നും യുവതി പറഞ്ഞു.