പോലീസുകാരനെ കൊലപ്പെടുത്തി കത്തിച്ച മൂന്നു ഭീകരര്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി

റിയാദ്-സൗദിയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച മൂന്ന് ഭീകരര്‍ക്ക് തലസ്ഥാന നഗരമായ റിയാദില്‍ വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാരായ അബ്ദുല്‍ മലിക് അല്‍ ബആദി, മുഹമ്മദ് ഖാലിദ് അല്‍ ഉസൈമി മുഹമ്മദ് അബ്ദുറഹ്മാന്‍ തൂബര്‍ശ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. നിയമ പാലകരെ വകവരുത്താന്‍ പദ്ധതിയിട്ട് ഇവര്‍ ഭീകര സംഘം രൂപീകരിക്കുകയും ധന ശേഖരണം നടത്തുകയും ചെയ്തിരുന്നു. സമാന ചിന്താഗതിക്കാരായ ഭീകരര്‍ക്ക് അഭയം നല്‍കുക, ഭീകര പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹകരിക്കുക, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കരസ്ഥമാക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യുക തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
ഒന്നും രണ്ടും പ്രതികളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോള്‍ പോലീസുകാരനെ വധിക്കാന്‍ പദ്ധതിയിടുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. മൂന്നാം പ്രതി ഉദ്യോഗസ്ഥന്റെ ഭൗതിക ശരീരം പട്രോള്‍ വാഹനത്തിലിട്ടു കത്തിക്കുകയും ചെയ്തു.
അറസ്റ്റു ചെയ്ത് ജയിലിലടച്ച പ്രതികളുടെ വിചാരണം പ്രവിശ്യാ ക്രിമിനല്‍ കോടതിയിലാണ് നടത്തിയത്.  കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു പേര്‍ക്കും വധ ശിക്ഷ വിധിച്ചു. പുനര്‍ വിചാരണ കോടതിയും മേല്‍ക്കോടതിയും കീഴ്‌ക്കോടതി വിധി ശരിവെച്ചതോടെ  വധ ശിക്ഷാ വിധിക്ക് രാജാവ് അനുമതി നല്‍കുകയായിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പെടുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്നവരുടെയെല്ലാം പരിണിതി ഇതു തന്നെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

 

Latest News