ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. വൈകിട്ട് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കും. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ദല്‍ഹിയില്‍ അധികാരമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിനുള്ള അനുമതി ലെഫ്റ്റനന്റ് ഗവര്‍ണറില്‍നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
അധികാരം സര്‍ക്കാരിനല്ല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങവേയാണ് ലെഫ്റ്റനന്റ് ഗവര്‍ണറുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ സേവന വകുപ്പിന്റെ അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
നേരത്തെ സര്‍ക്കാര്‍ ഉത്തരവിന്റെ ഫയല്‍ സേവന വിഭാഗം സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.