കൊച്ചി - മഹാരാജാസിലെ മാർക്ക്‌ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട എസ്.എഫ്.ഐക്ക് എതിരായ കെ.എസ്.യു ആരോപണം റിപ്പോർട്ട് ചെയ്ത എഷ്യാനെറ്റ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. പോലീസ് നടപടിക്ക് മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഈ കേസ് തികച്ചും വ്യത്യസ്തമാണ്. ആരെയെങ്കിലും പ്രതിയാക്കണമെന്നോ, ഒഴിവാക്കണമെന്നോ പറയാനാകില്ല. എസ്.എഫ്.ഐക്കെതിരെ ഗൂഢാലോചന ക്യാമ്പയ്ൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാൽ അംഗീകരിക്കില്ല. ഇത്തരം ചെയ്തികൾക്കെതിരെ ഇനിയും കേസെടുക്കും, നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ജൂൺ ആറിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെ.എസ്.യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത്. ആ സമയത്ത് കെഎസ്.യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെസ്.യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടുകയുമുണ്ടായി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, എസ്.എഫ്.ഐ നേതാവ് പി.എം ആർഷോക്കെതിരെ ഉന്നയിച്ച മാർക്ക് ലിസ്റ്റ് ആരോപണം അഖില വാർത്തയാക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെയുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരവേയാണ് പാർട്ടി സെക്രട്ടറിയും പോലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.