അമിത് ഷാ ചെന്നൈയില്‍ വിമാനം ഇറങ്ങിയതിന്  പിന്നാലെ തെരുവ് വിളക്കുകള്‍ അണഞ്ഞു; പ്രതിഷേധം

ചെന്നൈ-ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ നാടകീയ രംഗങ്ങള്‍. രാത്രി ഒന്‍പതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകള്‍ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക് രൂക്ഷമായതോടെ പോാലീസ്, പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു.
മോഡി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പെതുസമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. വെല്ലൂരിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ആഭ്യന്തര മന്ത്രി, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ചെന്നൈ സൗത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നേരില്‍ കണ്ട ശേഷമാണ് വെല്ലൂരിലേക്ക് തിരിക്കുക.

Latest News