തിരുവനന്തപുരം- സമൂഹമാധ്യമങ്ങളിൽ സർക്കാറിനെ വിമർശിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിയിൽനിന്ന് പിരിച്ചവിടാൻ ശുപാർശ. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതി നിർദ്ദേശം ഉൾപ്പെടുന്ന ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമൂഹമാധ്യമങ്ങളിലൂടെ സർക്കാറിനെ വിമർശിക്കുന്ന ജീവനക്കാരുടെ എണ്ണം കൂടിയതാണ് പെരുമാറ്റച്ചട്ടം ബാധകമാക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. 1968-ലാണ് ഇതിന് മുമ്പ് ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. കാലം മാറിയത് അനുസരിച്ച് പെരുമാറ്റച്ചട്ടവും പരിഷ്‌കരിക്കാനാണ് തീരുമാനം. നിലവിൽ സർക്കാറിനെ വിമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചാലും നിയമത്തിന്റെ പഴുതു ഉപയോഗിച്ച് രക്ഷപ്പെടാനാകും. ഇതോടെയാണ് സൈബർ നിയമം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്. ഭരണപരിഷ്‌കാര വകുപ്പ് നൽകിയ ഫയൽ ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി.






