VIDEO ചാക്കുകളിലും ബക്കറ്റുകളിലും നിറയെ പണം, ഭിക്ഷാടക മരിച്ചപ്പോള്‍ സമ്പാദ്യം കണ്ട് അമ്പരന്ന് ബന്ധുക്കള്‍

കയ്‌റോ- ദക്ഷിണ ഈജിപ്തിലെ ഖിനാ ഗവര്‍ണറേറ്റിലെ ഗ്രാമത്തില്‍ കൊച്ചുകുടിലില്‍ കൊടും ദാരിദ്ര്യത്തില്‍ ജീവിച്ച് ദിവസങ്ങള്‍ക്കു മുമ്പ് മരിച്ച ഭിക്ഷാടകയുടെ ഭീമമായ സമ്പത്ത് കണ്ട് അമ്പരന്ന് കുടുംബവും നാട്ടുകാരും. ദീര്‍ഘകാലമായി ഭിക്ഷാടനം പതിവാക്കിയ ഖൈരിയ അലി അബ്ദുല്‍ ജലീലിന്റെ മയ്യിത്ത് മറവു ചെയ്ത ശേഷം കുടില്‍ പരിശോധിച്ച സഹോദരങ്ങളും ഗ്രാമവാസികളും നോട്ടുകെട്ടുകളും നാണയത്തുട്ടുകളും സൂക്ഷിച്ച ചാക്കുകളും ബക്കറ്റുകളും കണ്ട് അമ്പരക്കുകയായിരുന്നു.
ഭീമമായ സമ്പാദ്യം പൗരപ്രമുഖരുടെ മധ്യസ്ഥതയില്‍ സഹോദരങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. പത്തു ദിവസം മുമ്പാണ് ഖൈരിയ ഇഹലോകവാസം വെടിഞ്ഞത്. ഇവരുടെ അനന്തര കര്‍മങ്ങള്‍ക്കുള്ള ചെലവുകള്‍ വഹിച്ചത് ഗ്രാമവാസികളായിരുന്നു.
ഖൈരിയയുടെ കുടിലില്‍ ചാക്കുകളിലും ബക്കറ്റുകളിലും പത്തു ലക്ഷത്തോളം ഈജിപ്ഷ്യന്‍ പൗണ്ടാണ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും നാണയത്തുട്ടുകളായിരുന്നു. പൗരപ്രമുഖരുടെ നേതൃത്വത്തില്‍ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചു സഹോദരങ്ങള്‍ക്കിടയില്‍ ഇത് വിതരണം ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താനുള്ള പ്രയാസം കണക്കിലെടുത്ത് ബക്കറ്റിലാക്കി ഇലക്‌ട്രോണിക് തുലാസില്‍ തൂക്കിയാണ് നാണയത്തുട്ടുകള്‍ സഹോദരങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Latest News