Sorry, you need to enable JavaScript to visit this website.

പ്രായപരിധി കഴിഞ്ഞ് 36 യു.യു.സിമാർ, അയോഗ്യരാക്കി കേരള സിൻഡിക്കേറ്റ്; തെരഞ്ഞെടുപ്പ് വിവരം അറിയിക്കാതെ 30 കോളജുകൾ

തിരുവനന്തപുരം - പ്രായപരിധി കഴിഞ്ഞ കേരള സർവകലാശാലയിലെ 36 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 36 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവരെ അയോഗ്യരാക്കാൻ ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
 അതിനിടെ, മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്‌സിറ്റിയെ അറിയിച്ചിട്ടില്ലെന്നും സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രസ്തുത കോളേജുകളിൽ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചതായി യൂണിവേഴ്‌സിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. 
 അതേസമയം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റിയ സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് 1,55,938 രൂപ പിഴയൊടുക്കാൻ കേരള സർവകലാശാല ആവശ്യപ്പെട്ടു. ആൾമാറാട്ടം കണ്ടെത്തിയതിനു പിന്നാലെ സർവകലാശാല തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുമൂലമുണ്ടായ നഷ്ടം കോളേജിന്റെ ഭാഗത്തുനിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് പിഴ.
 

Latest News