ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു- കെ സുധാകരൻ

- പിണറായി കേന്ദ്രത്തിന്റെ കാർബൺ കോപ്പിയെന്ന് ചെന്നിത്തല
തിരുവനന്തപുരം -
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുകയാണ് സംസ്ഥാന സർക്കാർ.
  അന്തം വിട്ട പിണറായി വിജയൻ എന്തും ചെയ്യും. കുടില തന്ത്രങ്ങൾ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം നെറികേടുകളിൽ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 വി.ഡി സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest News